ഷാർലെറ്റ് ടൗൺ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) പ്രാഥമിക ആരോഗ്യ സേവന രംഗത്ത് വിപ്ലവകരമായ മാറ്റം. പ്രവിശ്യയിലെ പുതിയ ‘ഫാർമസി പ്ലസ്’ പദ്ധതിയിലൂടെ ഇനി മുതൽ ഐലൻഡിലെ കമ്മ്യൂണിറ്റി ഫാർമസികളിൽ തൊണ്ടയിലെ അണുബാധയായ സ്ട്രെപ് ത്രോട്ട് (Strep throat) പരിശോധിക്കാനും ചികിത്സ തേടാനും സാധിക്കും.
നിലവിൽ കുടുംബ ഡോക്ടർമാരുടെ സേവനം ലഭിക്കാൻ കാനഡയിൽ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന പ്രവിശ്യയാണ് PEI. പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നതോടെ രോഗികൾക്ക് ഡോക്ടർമാരുടെ അപ്പോയിന്റ്‌മെന്റിനായി ദിവസങ്ങളോളം കാത്തുനിൽക്കേണ്ടി വരില്ല. ഫാർമസികളിൽ വെച്ച് തന്നെ റാപ്പിഡ് ടെസ്റ്റ് നടത്താനും ഫലം പോസിറ്റീവ് ആണെങ്കിൽ ആന്റിബയോട്ടിക്കുകൾ കുറിച്ച് നൽകാനും ഫാർമസിസ്റ്റുകൾക്ക് സാധിക്കും. ഇത് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ട്രെവർ പെയ്ന്റർ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഐലൻഡിലുടനീളം 50-ഓളം ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി ലഭ്യമാകുന്നത്. ബ്രിട്ടിഷ് കൊളംബിയ, നോവസ്കോഷ തുടങ്ങിയ കനേഡിയൻ പ്രവിശ്യകളും സമാനമായ രീതിയിൽ ഫാർമസിസ്റ്റുകളുടെ സേവന പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ജോലിഭാരം വർധിക്കുമെന്ന ആശങ്ക ചില കോണുകളിൽ നിന്നുയരുന്നുണ്ടെങ്കിലും, പ്രാഥമിക ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ നീക്കം അനിവാര്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
