ഓട്ടവ: കാനഡയിലെ താമസക്കാർക്ക് ആശ്വാസമായി വാടക നിരക്കുകളിൽ വീണ്ടും കുറവ്. ജനുവരി മാസത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി വാടക നിരക്ക് 2,057 ഡോളറായി കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വാടക നിരക്കുകൾ തുടർച്ചയായ 16-ാം മാസവും താഴേക്ക് പോകുന്നതായി ‘Rentals.ca’, ‘Urbanation’ എന്നിവർ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിപണിയിൽ താമസസൗകര്യങ്ങളുടെ ലഭ്യത വർധിച്ചതാണ് വാടക കുറയാൻ പ്രധാന കാരണമായതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ജനുവരിയിൽ വാടകയും വരുമാനവും തമ്മിലുള്ള അനുപാതം കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ആദ്യമായി 30 ശതമാനത്തിന് താഴെയെത്തി. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ, അപ്പാർട്ടുമെന്റുകളുടെ ശരാശരി വലിപ്പം കുറഞ്ഞതും വാടക താഴാൻ കാരണമായിട്ടുണ്ട്.

പ്രവിശ്യകൾ തിരിച്ചുള്ള കണക്കുകളിൽ ബ്രിട്ടിഷ് കൊളംബിയയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ആൽബർട്ടയിൽ 4.3 ശതമാനവും ഒന്റാരിയോയിൽ 3.3 ശതമാനവും കുറവുണ്ടായി. നിലവിലെ നിരക്കുകൾ കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാൾ 12.9% കൂടുതലാണെങ്കിലും, കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ പ്രവണതകൾ വാടകക്കാർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
