വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ഭരണകക്ഷിയായ എൻഡിപി (NDP) യുമായുള്ള സഖ്യം പുതുക്കില്ലെന്ന് ബിസി ഗ്രീൻ പാർട്ടി. അടുത്ത മാസം കാലാവധി അവസാനിക്കുന്ന ‘കോ-ഓപ്പറേഷൻ ആൻഡ് റെസ്പോൺസിബിൾ ഗവൺമെന്റ് അക്കോർഡ്’ (CRGA) എന്ന കരാറിൽ നിന്ന് പിന്മാറാനാണ് പാർട്ടിയുടെ തീരുമാനം. എൻഡിപി സർക്കാർ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കാത്തതിലും പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസത്തിലുമുള്ള പ്രതിഷേധമായാണ് ഈ നീക്കം.
ഭരണകക്ഷിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ള സാഹചര്യത്തിൽ സർക്കാരിനെ സുസ്ഥിരമായി നിലനിർത്തുന്നതിനും ഇരുപാർട്ടികൾക്കും പൊതുവായ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനുമാണ് ഈ കരാർ ഉണ്ടാക്കിയിരുന്നത്. എന്നാൽ സർക്കാർ പല നിർണായക കാര്യങ്ങളിലും പിന്നോട്ട് പോയതായി ഗ്രീൻ പാർട്ടി നേതാവ് എമിലി ലോവൻ കുറ്റപ്പെടുത്തി. കരാർ അവസാനിക്കുന്നതോടെ എൻഡിപി സർക്കാരിനുള്ള ഗ്രീൻ പാർട്ടിയുടെ നിരുപാധിക പിന്തുണ നഷ്ടപ്പെടും.

പ്രവിശ്യയിൽ ഒരു പൊതുതിരഞ്ഞെടുപ്പ് വേണോ എന്ന കാര്യത്തിൽ ഇനി പ്രീമിയർ ഡേവിഡ് എബിയും അദ്ദേഹത്തിന്റെ സർക്കാരുമാണ് തീരുമാനമെടുക്കേണ്ടതെന്ന് എമിലി ലോവൻ വ്യക്തമാക്കി. ഗ്രീൻ പാർട്ടിയുടെ ഈ കടുത്ത നിലപാട് ബ്രിട്ടിഷ് കൊളംബിയയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ അനിശ്ചിതത്വത്തിന് വഴിതെളിച്ചിരിക്കുകയാണ്.
