എഡ്മിന്റൻ: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ലെയർ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ് ലെൻ കൊറാഡോ. സൺവിങ് എയർലൈൻസിന്റെ മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം മസീജ് വിൽക്കിന് പകരക്കാരനായാണ് ഈ പദവിയിലെത്തുന്നത്. ഇന്ന് മുതൽ നിയമനം പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു.
ഏവിയേഷൻ രംഗത്തെ കൊറാഡോയുടെ ദീർഘകാല അനുഭവപരിചയവും വ്യവസായ ബന്ധങ്ങളും ഫ്ലെയർ എയർലൈൻസിന്റെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്ക് വലിയ കരുത്താകുമെന്ന് ബോർഡ് ചെയർമാൻ ജിം യങ് പറഞ്ഞു. സൺവിങ് എയർലൈൻസിനെ വെസ്റ്റ് ജെറ്റ് ഏറ്റെടുക്കുകയും ലയിപ്പിക്കുകയും ചെയ്ത പ്രക്രിയകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് കൊറാഡോ. കഴിഞ്ഞ ഒരു വർഷമായി സിഇഒ പദവിയിലിരുന്ന മസീജ് വിൽക്ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഈ പുതിയ മാറ്റം.

നിലവിൽ കാനഡ, യുഎസ്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ജമൈക്ക ഉൾപ്പെടെ വടക്കേ അമേരിക്കയിലെ 25-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലെയർ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. പുതിയ നേതൃത്വത്തിന് കീഴിൽ സർവീസുകൾ കൂടുതൽ വിപുലീകരിക്കാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. കാനഡയിലെ വിമാനയാത്രാ മേഖലയിലെ മത്സരങ്ങൾക്കിടയിൽ ഫ്ലെയറിന്റെ സാന്നിധ്യം ശക്തമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
