വാഷിങ്ടൺ: കാനഡയുമായുള്ള വ്യാപാര ഇടപാടുകളിലും അതിർത്തിയിലെ പുതിയ പാലം നിർമ്മാണത്തിലും കടുത്ത നിലപാടുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പതിറ്റാണ്ടുകളായി കാനഡ അമേരിക്കയോട് അനാദരവ് കാണിക്കുകയാണെന്നും അത് ഇനി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒന്റാരിയോയെയും മിഷിഗണുകളെയും ബന്ധിപ്പിക്കുന്ന പുതിയ പാലം പൂർണ്ണമായും അമേരിക്കൻ ഉൽപ്പന്നങ്ങൾ ഒഴിവാക്കിയാണ് നിർമ്മിച്ചതെന്നും, മുൻ പ്രസിഡന്റ് ബരാക് ഒബാമ നൽകിയ ഇളവുകൾ ഇതിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ സ്റ്റീൽ പോലും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
കാനഡയിലെ വിപണികളിൽ അമേരിക്കൻ പാനീയങ്ങൾക്കും മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്നും ഡയറി ഉൽപ്പന്നങ്ങൾക്ക് കാനഡ ഈടാക്കുന്ന ഉയർന്ന താരിഫ് അമേരിക്കൻ കർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ചൈനയുമായി കരാറിലേർപ്പെടാനുള്ള പ്രധാനമന്ത്രി കാർണിയുടെ നീക്കം കാനഡയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈന കാനഡയിൽ ഐസ് ഹോക്കി നിരോധിക്കുമെന്നും സ്റ്റാൻലി കപ്പ് ഇല്ലാതാക്കുമെന്നുമുള്ള വിചിത്രമായ വാദവും ട്രംപ് തന്റെ പ്രസ്താവനയിൽ ഉന്നയിച്ചു.

അമേരിക്കയ്ക്ക് അർഹമായ നഷ്ടപരിഹാരവും ബഹുമാനവും ലഭിക്കാതെ ഈ പാലം തുറക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഈ ആസ്തിയുടെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് ലഭിക്കണമെന്നും ഇതിനായുള്ള ചർച്ചകൾ ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡ അമേരിക്കയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും തുല്യമായ പരിഗണന ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
