ന്യൂഡല്‍ഹി: സീഷെല്‍സിന് വേണ്ടി 175 മില്യണ്‍ ഡോളറിന്റെ (ഏകദേശം 1,457 കോടി) പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. സീഷെല്‍സുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ അഞ്ച് പതിറ്റാണ്ടുകള്‍ ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വമ്പന്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഇതില്‍ 50 മില്യണ്‍ ഡോളര്‍ ഗ്രാന്റായും (സൗജന്യ ധനസഹായം) 125 മില്യണ്‍ ഡോളര്‍ ക്രെഡിറ്റ് ലൈനായും (വായ്പ) ആണ് നല്‍കുന്നത്.
സീഷെല്‍സിന്റെ ദേശീയ മുന്‍ഗണനാ പദ്ധതികളെ ലക്ഷ്യം വെച്ചാണ് ഈ ഫണ്ട് വിനിയോഗിക്കുക. സാമൂഹിക ഭവന നിര്‍മ്മാണം, നഗര നവീകരണം, ഇലക്ട്രിക് വാഹന പദ്ധതികള്‍ (E-mobility), ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി ഈ തുക ചെലവഴിക്കും. ആരോഗ്യ മേഖലയുടെ വികസനത്തിനായി ഇന്ത്യ 10 അത്യാധുനിക ആംബുലന്‍സുകള്‍ കൈമാറും. കൂടാതെ, സീഷെല്‍സ് ജനതയ്ക്കായി 1,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ‘പിഎസ് സൊറാസ്റ്റര്‍’ (PS Zoraster) എന്ന പട്രോള്‍ കപ്പല്‍ ഇന്ത്യ സൗജന്യമായി അറ്റകുറ്റപ്പണികള്‍ നടത്തി നല്‍കുന്നതിനും പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനും ധാരണയായി.

സുസ്ഥിരത, സാമ്പത്തിക വളര്‍ച്ച, സുരക്ഷ എന്നിവ മുന്‍നിര്‍ത്തി ‘സെസല്‍’ (SESEL – Sustainability, Economic Growth and Security through Enhanced Linkages) എന്ന പേരില്‍ ഒരു സംയുക്ത ദര്‍ശന രേഖയിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക വിനിമയം, കാലാവസ്ഥാ വ്യതിയാനം നേരിടല്‍ തുടങ്ങിയ ഏഴ് പ്രധാന ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘സാഗര്‍’ (SAGAR – Security and Growth for All in the Region) പദ്ധതിയുടെ ഭാഗമാണ് സീഷെല്‍സുമായുള്ള ഈ പുതിയ സഹകരണം.
കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ മത്സ്യബന്ധനം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നേരിടുന്നതില്‍ സീഷെല്‍സിന്റെ പങ്കാളിത്തം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. സീഷെല്‍സിനെ ‘കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവില്‍’ പൂര്‍ണ്ണ അംഗമായി സ്വാഗതം ചെയ്തതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങളില്‍ ഇന്ത്യയുടെ സ്വാധീനം ഒന്നുകൂടി ഉറപ്പിക്കപ്പെട്ടു. സീഷെല്‍സിന്റെ 50-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ അതിഥിയായി പങ്കെടുക്കാന്‍ പാട്രിക് ഹെര്‍മിനി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.
