Tuesday, February 10, 2026

വിൻസർ-ഡിട്രോയിറ്റ് ബ്രിഡ്‌ജ്‌ തുറക്കുന്നത് തടയും; ഭീഷണിയുമായി ട്രംപ്

ഓട്ടവ: യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ ഗോർഡി ഹാവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ ഉദ്ഘാടനം തടയുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിലെ വിൻസറിനെയും അമേരിക്കയിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഈ ബ്രിഡ്‌ജ്‌, യുഎസിന് അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരെ കടുത്ത നിലപാട് പരസ്യമാക്കിയത്.

കാനഡയും മിഷിഗണും സംയുക്തമായി ഉടമസ്ഥാവകാശം പങ്കിടുന്ന ഈ പദ്ധതിയുടെ മുഴുവൻ ചിലവും വഹിക്കുന്നത് കാനഡയാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. ഈ വർഷം ആദ്യം തുറക്കാൻ നിശ്ചയിച്ചിരുന്ന ബ്രിഡ്ജിന്റെ കാര്യത്തിൽ ഉടനടി ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സും മിഷിഗൺ ഭരണകൂടവും രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര ഇടനാഴികൾ തടയുന്നത് സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഇത് തിരിച്ചടിയാകുമെന്നും ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കാൻഡേസ് ലെയിംഗ് പറഞ്ഞു. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറുടെ പ്രസ് സെക്രട്ടറി സ്റ്റേസി ലാറൂഷും ഈ തീരുമാനത്തെ വിമർശിച്ചു. നിലവിൽ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലുള്ള ഗോർഡി ഹാവ് ബ്രിഡ്‌ജ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് കരുതപ്പെട്ടിരുന്ന പദ്ധതിയാണ്. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനം ബ്രിഡ്‌ജ്‌ തുറക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!