വൻകൂവർ: ബിസിയിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ച അധ്യാപികയ്‌ക്കെതിരെ അച്ചടക്ക നടപടി. ഒകനാഗനിലെ ഹൈസ്‌കൂൾ അധ്യാപികയായ താഷ ഡോൺ വിറ്റ്‌നിയെയാണ് അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. 2024 ജൂണിൽ നടന്ന ഗ്രേഡ് 12 ലിറ്ററസി അസസ്‌മെന്റ് എന്ന നിർണ്ണായക പരീക്ഷയ്ക്കിടെയാണ് സംഭവം. ഒരു വിദ്യാർത്ഥിക്ക് പകരം മറ്റൊരു വിദ്യാർത്ഥിയെക്കൊണ്ട് പരീക്ഷ എഴുതിക്കാൻ ഇവർ സഹായങ്ങൾ നൽകിയതായി പ്രൊവിൻഷ്യൽ റെഗുലേറ്റർ കണ്ടെത്തി.
പരീക്ഷാ ദിവസം ഇൻവിജിലേറ്ററായി ഡ്യൂട്ടിയിലുണ്ടായിരുന്ന വിറ്റ്‌നി, നിയമങ്ങൾ ലംഘിച്ച് ഒരു വിദ്യാർഥിയെ രണ്ട് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണും ഉപയോഗിക്കാൻ അനുവദിച്ചു. പരീക്ഷ എഴുതാത്ത വിദ്യാർഥിക്ക് വേണ്ടി ലോഗിൻ ചെയ്യാൻ മറ്റൊരു വിദ്യാർത്ഥിക്ക് രഹസ്യ കോഡുകൾ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. പരീക്ഷാ ദിവസം സ്‌കൂളിൽ എത്താതിരുന്ന വിദ്യാർത്ഥിയുടെ പേര് ലിസ്റ്റിൽ വന്നത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ ചോദിച്ചപ്പോൾ അധ്യാപിക പലതവണ കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് 2024 സെപ്റ്റംബറിൽ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അധ്യാപകവൃത്തിയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനും വിദ്യാർത്ഥികൾക്ക് തെറ്റായ മാതൃക നൽകിയതിനും റെഗുലേറ്റർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അഞ്ച് ദിവസത്തെ സസ്പെൻഷന് പുറമെ, പ്രൊഫഷണൽ എത്തിക്‌സിനെക്കുറിച്ച് പ്രത്യേക കോഴ്‌സ് പൂർത്തിയാക്കാനും അധികൃതർ ഇവർക്ക് നിർദ്ദേശം നൽകി.
