ഓട്ടവ: കാനഡ പോസ്റ്റിന്റെ നിലനിൽപ്പിനായി കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ ശാശ്വത പരിഹാരമല്ലെന്ന് ഫെഡറൽ പ്രൊക്യുർമെന്റ് മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട്. കാനഡ പോസ്റ്റിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനും സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമായി സർക്കാർ അനുവദിച്ച 101 കോടി ഡോളറിന്റെ പുതിയ വായ്പയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ജനുവരിയിൽ നൽകിയ 103 കോടി ഡോളറിന്റെ സഹായത്തിന് പുറമെയാണിത്.
കാനഡ പോസ്റ്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് പരസ്യമായ കാര്യമാണെന്നും സ്ഥാപനത്തിന് ആവശ്യമായ പ്രവർത്തന മൂലധനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ ലൈറ്റ്ബൗണ്ട് പറഞ്ഞു. എന്നാൽ, ഇത്ര വലിയ തുക നൽകി സ്ഥാപനത്തെ എക്കാലവും പിന്തുണയ്ക്കാൻ സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സ്ഥാപനം സ്വയം നവീകരിക്കണമെന്നും വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി.

സ്ഥാപനത്തെ ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വരെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ താൽക്കാലിക സഹായമെന്ന് സർക്കാർ അറിയിച്ചു. കാനഡ പോസ്റ്റിന്റെ പ്രവർത്തന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ സൂചനയാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്നത്.
