എഡ്മിന്റൻ: ആൽബർട്ട കാനഡയിൽ നിന്ന് വേർപെടണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുന്ന വിഘടനവാദികൾക്ക് ഉടമ്പടി ഭൂമിയിൽ യാതൊരു അവകാശവുമില്ലെന്ന് അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസ് (AFN) നാഷണൽ ചീഫ് സിൻഡി വുഡ്ഹൗസ് നെപിനാക്ക്. കാൽഗറിയിൽ നടന്ന എഎഫ്എൻ കോൺഫറൻസിൽ സംസാരിക്കവേ, ആൽബർട്ടയിലെ വിഘടനവാദി പ്രസ്ഥാനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് അവർ ആഞ്ഞടിച്ചു. തദ്ദേശീയ ജനതയുടെ അനുമതിയില്ലാതെ കാനഡയിൽ നിന്ന് വേർപെട്ടുപോകാൻ ആൽബർട്ടയ്ക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
കാനഡയിൽ നിന്ന് വേർപെട്ടുപോകണമെങ്കിൽ തദ്ദേശീയ ജനതയുടെ കൂട്ടായ അനുമതി വേണമെന്ന് നെപിനാക്ക് ഓർമ്മിപ്പിച്ചു. തെറ്റായ വിവരങ്ങളും വിദേശ ഇടപെടലുകളുമാണ് ഇത്തരം വിഘടനവാദ നീക്കങ്ങൾക്ക് പിന്നിലെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തെ തകർക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ആൽബർട്ടയിലെ പല തദ്ദേശീയ സമൂഹങ്ങളും വിഘടനവാദ നീക്കങ്ങൾക്കെതിരെ ഇപ്പോൾ തന്നെ നിയമപോരാട്ടം തുടങ്ങിയിട്ടുണ്ട്.

കോൺഫറൻസിൽ പങ്കെടുത്ത മറ്റ് തദ്ദേശീയ നേതാക്കളും ഈ നിലപാടിനെ പിന്തുണച്ചു. ബ്രിട്ടീഷ് കിരീടവുമായും കാനഡയുമായും ഒപ്പിട്ട ഉടമ്പടികൾ ലംഘിക്കാൻ ആൽബർട്ടയ്ക്ക് കഴിയില്ലെന്നാണ് ഇവരുടെ വാദം. ആൽബർട്ടയുടെ സ്വതന്ത്ര വാദത്തിന് തദ്ദേശീയരുടെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പാണ് ഉയരുന്നത്.
