മൺട്രിയോൾ : കെബെക്കിലെ ചരിത്രപ്രധാനമായ പള്ളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പള്ളികളുടെ നവീകരണത്തിനും അവയെ ഹോട്ടലുകൾ, ലൈബ്രറികൾ, കായിക കേന്ദ്രങ്ങൾ എന്നിവയായി മാറ്റുന്നതിനും സർക്കാർ നൽകിയിരുന്ന ധനസഹായം നിർത്തലാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് വിദഗ്ധർ പറയുന്നു. 2025 മാർച്ചിൽ കാലാവധി കഴിഞ്ഞ ഈ പദ്ധതികൾ പുതുക്കാൻ കെബെക്ക് സാംസ്കാരിക വകുപ്പ് തയ്യാറായിട്ടില്ല. പ്രവിശ്യയിലെ ഏകദേശം 35% പള്ളികളും നിലവിൽ അടച്ചുപൂട്ടുകയോ മാരകമായ കേടുപാടുകൾ സംഭവിക്കുകയോ പുതിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യുന്നവയാണ്.

സർക്കാരിന്റെ കർശനമായ മതനിരപേക്ഷ നിയമങ്ങൾ പള്ളികളെ പൊതുസ്ഥലങ്ങളാക്കി മാറ്റുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ചരിത്രകാരന്മാരും പൈതൃക സംരക്ഷണ ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടുന്നു. നവീകരണത്തിനുള്ള ഫണ്ട് നിലച്ചതോടെ പല പള്ളികളും പൊളിച്ചുനീക്കാനോ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് വിൽക്കാനോ ഉള്ള സമ്മർദ്ദത്തിലാണ്. എന്നാൽ, പള്ളികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ വിറ്റ് വരുമാനമുണ്ടാക്കി പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ രൂപതകളും സന്നദ്ധ സംഘടനകളും ഇപ്പോൾ ആലോചിക്കുന്നുണ്ട്.
അതേസമയം, ആരാധനാലയങ്ങളെ സംരക്ഷിക്കാൻ നിലവിലെ നയങ്ങൾ പര്യാപ്തമല്ലെന്നും പുതിയ നയം രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം. ഈ സമിതി 2026 ഒക്ടോബറോടെ മാത്രമേ ശുപാർശകൾ സമർപ്പിക്കുകയുള്ളൂ.
