മിലാനോ കോർട്ടിന : ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കനേഡിയൻ ഒളിംപിക്സ് കമ്മിറ്റി. മിലാനോ കോർട്ടിന ഒളിംപിക്സ് വേദിയിൽ വെച്ചാണ് ടീം കാനഡ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും ടംബ്ലർ റിഡ്ജ് കമ്മ്യുണിറ്റിക്കും ഒപ്പം ടീം കാനഡ നിൽക്കുന്നുവെന്നും ഈ ദുഷ്കരമായ സാഹചര്യത്തെ അതിജീവിക്കാൻ എല്ലാവർക്കും കരുത്തുണ്ടാകട്ടെയെന്നും പ്രസ്താവനയിൽ പറയുന്നു.

ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേർ കൊല്ലപ്പെട്ടതായി കനേഡിയൻ അധികൃതർ അറിയിച്ചു. ആക്രമണത്തില്‍ 25 ലധികം പേർക്ക് പരുക്കേറ്റതായും ആക്രമി എന്ന് സംശയിക്കുന്ന വ്യക്തിയും കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20ഓടെയാണ് സംഭവം നടന്നത്.
