Wednesday, February 11, 2026

തീരാനോവായി ആറുമാസം പ്രായമുള്ള ലൂക്ക ലൂക്ക ടെങ്; വിനിപെഗിൽ ചികിത്സ കിട്ടിയില്ലെന്ന്‌ മാതാപിതാക്കൾ

വിനിപെഗ്: ചികിത്സയിലിരിക്കെ ആറുമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. വിനിപെഗ്‌ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കൃത്യസമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നാണ്‌ കുഞ്ഞിൻ്റെ മാതാപിതാക്കളുടെ ആരോപണം. എപ്പിസോഫാഗസ് അട്രേഷ്യ എന്ന അപൂർവ്വ രോഗാവസ്ഥയുമായി ജനിച്ച ലൂക്ക ടെങ് എന്ന കുഞ്ഞിനാണ്‌ ജീവൻ നഷ്‌ടപ്പെട്ടത്‌. ജനുവരി പകുതിയോടെയാണ്‌ കുഞ്ഞിനെ വിന്നിപെഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആഹാരം ഇറക്കാൻ പ്രയാസമുള്ള അവസ്ഥ പരിഹരിക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന്റെ അന്നനാളത്തിൽ സുഷിരംവീണതായി പിന്നീട് കണ്ടെത്തി. കുഞ്ഞിന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ 200-ന് മുകളിൽ എത്തിയിട്ടും, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ അലാറം ഓഫാക്കി മടങ്ങുകയല്ലാതെ വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചില്ലെന്നാണ്‌ പിതാവ് ലൂ ടെങിൻ്റെ ആരോപണം. കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റാൻ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബെഡ്ഡുകൾ ഒഴിവില്ലാത്തതിനാൽ മണിക്കൂറുകളോളം എമർജൻസി വാർഡിൽ തന്നെ തുടരേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവം വിവാദമായതോടെ മാനിറ്റോബ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഇതൊരു അടിയന്തിര സംഭവമായി പരിഗണിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. വിനിപെഗിലെ ആശുപത്രികളിൽ നിലനിൽക്കുന്ന നീണ്ട കാത്തിരിപ്പ് സമയവും ജീവനക്കാരുടെ കുറവും രോഗികളുടെ ജീവന് ഭീഷണിയാകുന്നുവെന്ന പരാതികൾക്കിടയിലാണ് പിഞ്ചുകുഞ്ഞിന്‌ ജീവൻ നഷ്‌ടപ്പെട്ടത്‌. വിനിപെഗിലെ ഒരു ആശുപത്രിയിൽ മൂന്ന് മാസത്തിനിടെ ഒരു രോഗി മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്‌. പ്രതിപക്ഷ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ ഈ മരണങ്ങളെക്കുറിച്ച്‌ പൊതുവായ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു. വിനിപെഗ് റീജിയണൽ ഹെൽത്ത് അതോറിറ്റിയുടെ പ്രതിമാസ കണക്കുകൾ പ്രകാരം വിനിപെഗ്‌ ആശുപത്രികളിലും അടിയന്തര പരിചരണ കേന്ദ്രങ്ങളിലും ശരാശരി കാത്തിരിപ്പ് സമയം 2025 ഡിസംബറിൽ 4.1 മണിക്കൂറായി ഉയർന്നിരുന്നു. പത്തുവർഷത്തിനിത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പാണിത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!