Wednesday, February 11, 2026

അഹമ്മദാബാദ്‌ എയർ ഇന്ത്യ ദുരന്തം; ഇന്ധന സ്വിച്ചുകൾ പൈലറ്റ് ഓഫാക്കിയത്‌ അപകടകാരണമെന്ന് ഇറ്റാലിയൻ പത്രം

ന്യൂഡൽഹി: 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ഫ്ലൈറ്റ് 171-ന്റെ തകർന്നതിന്‌ കാരണം പൈലറ്റുമാരിൽ ഒരാളുടെ മനഃപൂർവമായ ഇടപെടലാണെന്ന സൂചന അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന്‌ ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ. വിമാനത്തിലെ ഫ്യുവൽ കട്ട്-ഓഫ് സ്വിച്ചുകൾ പൈലറ്റ് മനഃപൂർവം ഓഫ് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നാണ്‌ റിപ്പോർട്ട്‌. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമില്ലായിരുന്നുവെന്നും, എൻജിനിലേക്കുള്ള ഇന്ധന വിതരണം സ്വിച്ചുകൾ വഴി തടഞ്ഞതാണ് തകർച്ചയ്ക്ക് കാരണമെന്നും വാഷിംങ്‌ണിലെ എൻ.ടി.എസ്.ബി ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും പത്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കോക്പിറ്റ് വോയ്‌സ് റെക്കോർഡറിലെ ശബ്ദരേഖകൾ ശാസ്ത്രീയമായി വിശകലനം ചെയ്തതിൽ നിന്നും ഏത് പൈലറ്റാണ് സ്വിച്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട് പറയുന്നു. എന്തിനാണ് എൻജിൻ ഓഫ് ചെയ്തത്‌ എന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോൾ താനല്ലെന്നും മറ്റേയാൾ മറുപടി നൽകുന്നതായി റെക്കോർഡിംഗിലുണ്ട്. സ്വിച്ചുകൾ മനഃപൂർവം എങ്ങനെ ഓഫാക്കിയെന്നതിനെക്കുറിച്ചുള്ള വിശദമായ വിവരണം അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമോ അതോ ഉത്തരവാദിത്തം ആർക്കാണെന്ന്‌ പറയുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും വിമാനത്തിന്റെ കമാൻഡറായ സുമീത് സബർവാൾ ആണ് സ്വിച്ചുകൾ മാറ്റിയതെന്നും അദ്ദേഹം അപകടത്തിൽ മരിച്ചതായും കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ വിലയിരുത്തലുകൾ സബർവാളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ വിമാനം നിയന്ത്രിക്കുമ്പോൾ സുമീത് സബർവാൾ നിരീക്ഷിക്കുകയായിരുന്നു. എൻജിനുകൾ ക്രമമായി അടഞ്ഞു – ആദ്യം ഇടത് എൻജിൻ, ക്യാപ്റ്റൻ ഇരിക്കുന്നിടത്ത്, പിന്നീട് വലത്. അവസാന നിമിഷങ്ങളിൽ, ഫസ്റ്റ് ഓഫീസറുടെ കൺട്രോൾ യോക്ക് ഉയരം വീണ്ടെടുത്തപ്പോൾ ക്യാപ്റ്റൻ്റേത്‌ നിശ്ചലമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

ബോയിങ് 787 വിമാനത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം തകരാറിലാകാൻ സാധ്യതയില്ലെന്ന് യുഎസ് വിദഗ്ധർ നടത്തിയ സിമുലേറ്റർ പരിശോധനകളിൽ നേരത്തെ വ്യക്തമായിരുന്നു. മനുഷ്യസഹായമില്ലാതെ ഇത് സംഭവിക്കില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. 2025 ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം വീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ 260 പേർ മരിച്ചു. അപകടത്തിൽ ഒരു യാത്രക്കാരൻ രക്ഷപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!