കെബെക്ക്: രണ്ട് മക്കളെ വെടിവെച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുങ്ങി കെബെക്ക്. കിറ്റിഗൻ സിബി അനിഷിനാബെഗ് എന്ന തദ്ദേശീയ സമൂഹത്തിലാണ് ബുധനാഴ്ച പുലർച്ചെ ഈ അരുംകൊല നടന്നത്. 41 വയസ്സുകാരനായ പിതാവും 10, 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് പൊലീസിന് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഗുരുതരമായി പരിക്കേറ്റ നിലയിൽ മൂന്ന് പേരെയും കണ്ടെത്തുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റു രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടതെന്ന് കെബെക്ക് പ്രൊവിൻഷ്യൽ പൊലീസ് (SQ) സ്ഥിരീകരിച്ചു. ഞെട്ടിക്കുന്ന ഈ സംഭവത്തെ കുറിച്ചറിഞ്ഞ് തദ്ദേശീയ ഗോത്രസമൂഹം ഒന്നടങ്കം നടുക്കത്തിലാണെന്നും നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഇങ്ങനെയൊരു മരണം അർഹിച്ചിരുന്നില്ലെന്നും കിറ്റിഗൻ സിബി ചീഫ് ജീൻ-ഗൈ വൈറ്റഡക്ക് പറഞ്ഞു. കെബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗാൾട്ടും ഫസ്റ്റ് നേഷൻസ് റിലേഷൻസ് മന്ത്രി ഇയാൻ ലാഫ്രെനിയറും സോഷ്യൽ മീഡിയയിലൂടെ തദ്ദേശീയ സമൂഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.

സംഭവത്തെ കുറിച്ചറിഞ്ഞ് താൻ വളരെയധികം നടുങ്ങിപ്പോയെന്ന് ലെഗോൾട്ട് തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി. മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബപ്രശ്നങ്ങളോ മാനസികമായ ബുദ്ധിമുട്ടുകളോ നേരിടുന്നവർക്ക് സഹായത്തിനായി വിവിധ ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. സൂയിസൈഡ് ക്രൈസിസ് ഹെൽപ്പ് ലൈൻ: 988, കിഡ്‌സ് ഹെൽപ്പ് ഫോൺ: 1-800-668-6868.
