വിനിപെഗ്: മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നതും കൊലപ്പെടുത്തുന്നതുമായ വീഡിയോകൾ ചിത്രീകരിച്ച് ഓൺലൈൻ ഗ്രൂപ്പുകൾ വഴി വിറ്റ കേസിൽ പ്രതികളായ ദമ്പതികൾക്ക് 12 വർഷം തടവുശിക്ഷ വിധിച്ചു. വിനിപെഗിലെ ഐറിൻ ലിമ (56), ചാഡ് കാബെക്സ് (41) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മാനിറ്റോബ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ച് ജസ്റ്റിസ് ജെഫ്രി ഹാരിസ് ശിക്ഷ വിധിച്ചത്. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും ക്രൂരമായ മറ്റൊരു കേസ് കണ്ടിട്ടില്ലെന്ന് വിധി പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. പൂച്ചകൾ, കിറ്റണുകൾ, പക്ഷികൾ, മുയലുകൾ, ഹാംസ്റ്ററുകൾ തുടങ്ങിയ 90-ലധികം മൃഗങ്ങളെയാണ് ഇവർ കൊലപ്പെടുത്തിയത്. ഐറിൻ ലിമ മൃഗങ്ങളെ ചവിട്ടിക്കൊല്ലുന്നതും ചാഡ് കാബെക്സ് ഇത് വീഡിയോയിൽ പകർത്തുകയുമായിരുന്നു പതിവ്.Goddess May Barefoot Premium Crush’ എന്ന ടെലിഗ്രാം ഗ്രൂപ്പ് വഴിയും ഡാർക്ക് വെബ് സൈറ്റുകൾ വഴിയുമാണ് ഇവർ വീഡിയോകൾ വിറ്റിരുന്നത്. ഒരു എലിയെ കൊല്ലുന്നതിന് 5 ഡോളർ മുതൽ പൂച്ചക്കുട്ടികളുടെ കുടുംബത്തെ കൊല്ലുന്നതിന് 180 ഡോളർ വരെയായിരുന്നു ഇവരുടെ നിരക്ക്. മൃഗപീഡനത്തിന് പുറമെ, ഒരു കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ചും ഇവർ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

ഐറിന്റെ ഡയറിയിൽ മൃഗങ്ങളെ കൊല്ലുന്നതിലൂടെ തനിക്ക് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി.12 വർഷത്തെ തടവിന് പുറമെ, ദമ്പതികൾ ജീവിതകാലം മുഴുവൻ മൃഗങ്ങളുടെ അടുത്തുപോകരുതെന്നും മൃഗങ്ങളെ വളർത്തരുതെന്നും കോടതി ഉത്തരവിട്ടു. കോടതി പരിസരത്ത് തടിച്ചുകൂടിയ മൃഗസ്നേഹികൾ ശിക്ഷാവിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. കാനഡയിലെ മൃഗപീഡനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യവും ഇവർ ഉയർത്തി.
