Thursday, February 12, 2026

കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം; ആൽബർട്ടയിലെ ബേസ്ബോൾ പരിശീലകൻ അറസ്റ്റിൽ

എഡ്മിന്റൻ: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനും ബോണിവിൽ സ്വദേശിയായ ബേസ്ബോൾ കോച്ച് പിടിയിലായി. ബോണിവിൽ ബ്രേവ്സ് ടീമിന്റെ പരിശീലകനായ മിച്ച് മിഷൗഡ് എന്ന 48-കാരനെയാണ് ആൽബർട്ട ലോ എൻഫോഴ്‌സ്‌മെന്റ് റെസ്‌പോൺസ് ടീം അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വയ്ക്കുകയും ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചതുൾപ്പെടെയുള്ള കേസുകളിലാണിത്‌. ALERT-ന്റെ കീഴിലുള്ള ഇന്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ICE) വിഭാഗത്തിന് കഴിഞ്ഞ വർഷം ലഭിച്ച പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മിഷൗഡിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കോടതി അനുവദിച്ച കർശന ഉപാധികളോടെ ഇയാൾക്ക് താൽക്കാലികമായി ജാമ്യം ലഭിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികളുമായി ഇടപഴകുന്ന സന്നദ്ധ പ്രവർത്തനങ്ങളിലോ ജോലികളിലോ ഏർപ്പെടാൻ പാടില്ലെന്നതാണ് പ്രധാന നിബന്ധന.

അതേ സമയം പരിശീലകനെതിരെ ഇത്തരമൊരു കേസ്‌ ഉണ്ടായതിൻ്റെ ആഘാതത്തിലാണ്‌ ബേസ്‌ബോൾ താരങ്ങളും മാതാപിതാക്കളും. ഇയാൾ പരിശീലിപ്പിച്ചിരുന്ന താരങ്ങൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടന്നതായി ഇതുവരെ സൂചനയില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്നുകൊണ്ട് ഇയാൾ ചെയ്ത കുറ്റങ്ങൾ ഏറെ ഗൗരവകരമാണെന്ന് സ്റ്റാഫ് സർജന്റ് അലിസൺ ചർച്ച് വ്യക്തമാക്കി. ഫെബ്രുവരി 24-ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!