ഓട്ടവ: ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ജർമ്മൻ യാത്ര റദ്ദാക്കി. മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി പുറപ്പെടാനിരുന്ന അദ്ദേഹം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സന്ദർശനം ഒഴിവാക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ചയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം യാത്ര നിശ്ചയിച്ചിരുന്ന പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി, വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ എന്നിവർ നേരത്തെ തീരുമാനിച്ച പ്രകാരം കോൺഫറൻസിൽ പങ്കെടുക്കും. കാനഡയിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പ്രതിരോധ മേഖലയിലെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനും ആഗോള തലത്തിൽ കാനഡയുടെ പങ്ക് വ്യക്തമാക്കുന്നതിനുമായിരുന്നു കാർണി ഈ യാത്രയിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രാജ്യത്തെ നടുക്കിയ വെടിവെപ്പിനെത്തുടർന്നുള്ള ആഭ്യന്തര സാഹചര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണനയെന്ന് പ്രധാനമന്ത്രി അറിയിച്ചു.
