Thursday, February 12, 2026

ജയിലിൽ ഇമ്രാൻ ഖാന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും ആരോഗ്യനില ഗുരുതരമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്‌. നിലവിൽ വലതുകണ്ണിന് 15 ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് സാധാരണ നിലയിലുള്ള കാഴ്ചയുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ വെച്ച് കണ്ണിന് അസ്വസ്ഥതയും കാഴ്ച മങ്ങുന്നതും ശ്രദ്ധയിൽപ്പെട്ട ഇമ്രാൻ ഖാൻ പലതവണ ജയിൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കൃത്യമായ ചികിത്സ നൽകിയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലിൽ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിയില്ല. 73 വയസ്സുള്ള ഇമ്രാൻ ഖാന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ നൽകിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും നിഷേധിച്ചു. വലതുകണ്ണിലെ രക്തക്കുഴലിൽ രക്തം കട്ടപിടിച്ചതാണ് ഇമ്രാൻ ഖാൻ്റെ കാഴ്‌ച പെട്ടെന്ന്‌ നഷ്‌ടപ്പെടാൻ കാരണമായത്. അമിക്കസ്‌ ക്യൂറി സന്ദർശിക്കുന്ന സമയത്ത് അദ്ദേഹം മാനസികാവസ്ഥ മോശമാണെന്നും കരഞ്ഞതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

റിപ്പോർട്ടിന്‌ പിന്നാലെ ഇമ്രാൻ ഖാന്റെ കണ്ണുകൾ പരിശോധിക്കാൻ വിദഗ്ധരായ നേത്രരോഗ വിദഗ്ധർ അടങ്ങുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട്‌ ഫെബ്രുവരി 16-നകം കോടതിയിൽ സമർപ്പിക്കണമെന്നും പാക്ക്‌ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യഹിയ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.അടിയന്തര ഉത്തരവ്‌ പുറപ്പെടുവിച്ചു. വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാൻ അദ്ദേഹത്തിന് സൗകര്യമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ജയിലിലെ തടവുകാരുടെ ആരോഗ്യകാര്യത്തിൽ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് മക്കളുമായി ഫോണിൽ സംസാരിക്കാൻ അനുവദിച്ചത്. നിലവിൽ ഭാര്യയെ ആഴ്ചയിലൊരിക്കൽ 30 മിനിറ്റ് കാണാൻ മാത്രമാണ് അനുമതിയുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. ഇത് ഇമ്രാൻ ഖാൻ്റെ നിയമപോരാട്ടങ്ങളെ ദോഷകരമായി ബാധിച്ചു. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ആരോഗ്യനില കൂടുതൽ വഷളാകുമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!