വൻകൂവർ: കാനഡയെ നടുക്കിയ ടംബ്ലർ റിഡ്ജ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അധ്യാപികയെയും കുട്ടികളെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സോഷ്യൽ മീഡിയ പേജുകളിലാണ് പൊടുന്നനെ പൊലിഞ്ഞുപോയ കുട്ടികളെ കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞത്. കണ്ണീരോടെയല്ലാതെ കുട്ടികളെ ആർക്കും ഓർമ്മിക്കാൻ കഴിയുന്നില്ല. ഒട്ടേറെ സ്വപ്നങ്ങൾ ഇവരെല്ലാം മനസിൽ സൂക്ഷിച്ചിരുന്നു. പന്ത്രണ്ടുവയസ് പ്രായമുള്ള സോയി ബേനോയിറ്റ് എന്ന കുട്ടി ബുദ്ധിമതിയായ പെൺകുട്ടിയായിരുന്നു എന്നാണ് കുടുംബം ഓർക്കുന്നത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന അവളുടെ വേർപാട് കുടുംബത്തിന് താങ്ങാനാവുന്നില്ല. എട്ട് മക്കളുള്ള കുടുംബത്തിലെ ഏക പെൺകുട്ടിയായിരുന്നു ടിക്കറിയ ലാംപെർട്ട് (12). തമാശകൾ ഇഷ്ടപ്പെട്ടിരുന്ന, ധൈര്യശാലിയായ കുട്ടിയായിരുന്നു അവളെന്ന് കൂട്ടുകാർ പറഞ്ഞു. ആർട്ടും ആനിമികളുമായുമായിരുന്നു കൈലി സ്മിത്തി (12)ന് ഏറെയിഷ്‌ടം. എന്നെങ്കിലും ടൊറന്റോയിൽ പോയി പഠിക്കുമെന്ന് അവൾ എല്ലായ്‌പ്പോഴും പറയുമായിരുന്നു. തൻ്റെ കുഞ്ഞ് ഒരുറുമ്പിനെ പോലും വേദനിപ്പിച്ചിരുന്നില്ലെന്ന് അവളുടെ അച്‌ഛൻ പറഞ്ഞു. പഠനത്തിൽ മിടുക്കനായിരുന്നു എസെക്കിയേൽ സ്കോഫീൽഡ് (13) എന്ന് അധ്യാപകർ വേദനയോടെ ഓര്‍ത്തെടുത്തു.

വെടിവയ്പ്പ് നടത്തിയ പെൺകുട്ടിയുടെ സ്വന്തം സഹോദരനായ എമ്മറ്റ് ജേക്കബ്സ്‌ന് (11 വീട്ടിൽ വെച്ചാണ് വെടിയേറ്റത്. സ്‌കൂളിലെ അധ്യാപികയായ ഷാൻഡ ആവിയുഗാന-ഡ്യൂറൻഡി (39) നും ജീവൻ നഷ്‌ടപ്പെട്ടു. വെടിവയ്പ്പ് നടത്തിയ ജെസ്സിയുടെ അമ്മയായ ജെന്നിഫർ ജേക്കബ്സി (39) നും ജീവൻ നഷ്‌ടപ്പെട്ടു. തലയ്ക്കും കഴുത്തിനും വെടിയേറ്റ
മായ എഡ്മണ്ട്സ് (12) വൻകൂവർ കുട്ടികളുടെ ആശുപത്രിയിൽ അതീവ ഗുരുതരാ വസ്ഥയിലാണ്. മകൾക്കായി ഒരു അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കണമെന്ന് മായയുടെ അമ്മ സിയ എഡ്മണ്ട്സ് ഫേസ്ബുക്കിൽ കുറിച്ചു. വെടിവയ്പ്പ് നടന്ന സ്കൂളിന് പുറത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ മെഴുകുതിരികൾ തെളിച്ചും പൂക്കളും കളിപ്പാട്ടങ്ങളും വെച്ചും കൊല്ലപ്പെട്ടവരെ അനുസ്മരിക്കുകയാണ്. കൊല്ലപ്പെട്ട ഓരോ കുട്ടിയുടെയും ഓർമ്മയ്ക്കായി പ്രത്യേക പ്രാർത്ഥനകളും നടക്കുന്നുണ്ട്. ദാരുണമായ സംഭവം കമ്മ്യൂണിറ്റിയിൽ ഉണ്ടാക്കിയ മാനസികാഘാതം കുറയ്ക്കുന്നതിനായി ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലും പരിസരത്തും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസിലിംഗും നൽകി വരികയാണ് ഇപ്പോൾ.
