കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുന്നത് ഡൊണാൾഡ് ട്രംപിന് ലഭിക്കാവുന്ന ഏറ്റവും വലിയ രാഷ്ട്രീയ വിജയമായിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. ലോകസമാധാനത്തിന് മുൻകൈയെടുത്ത നേതാവ് എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിക്കാനുള്ള സുവർണ്ണാവസരമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിന് മുൻപ് യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചാൽ അത് റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപിനും വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന് സെലെൻസ്കി ചൂണ്ടിക്കാട്ടി. ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ട്രംപിന് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അതേ സമയം പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത സ്വഭാവക്കാരനാണ് സെലെൻസ്കി എന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പറയുന്നത്. ട്രംപിനോട് സഹകരിക്കാൻ തയ്യാറാണെങ്കിലും, യുക്രെയ്ന്റെ താത്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് അദ്ദേഹം തയ്യാറായേക്കില്ല എന്ന സൂചനയും അവർ പങ്കുവയ്ക്കുന്നു.
