മയാമി: അമേരിക്കയിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടയിൽ, ഹിസ്പാനിക് സമൂഹത്തിന് ആത്മവിശ്വാസം പകരുകയാണ് ബാഡ് ബണ്ണിയുടെ സംഗീത പരിപാടി. സാംസ്കാരിക ഐക്യദാർഢ്യം പകർന്നാണ് ബണ്ണിയുടെ പ്രയാണം. മോസ്റ്റ് വാണ്ടഡ് ടൂർ എന്ന പേരിൽ നടക്കുന്ന ഈ ഷോ വെറുമൊരു സംഗീത പരിപാടിയല്ല, മറിച്ച് തങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്ന് ആരാധകർ പറയുന്നു. അമേരിക്കയിലുടനീളം ലാറ്റിൻ അമേരിക്കൻ വംശ ജർ ഭയത്തിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തിലാണ് ബാഡ് ബണ്ണിയുടെ ഷോ നടക്കുന്നത്. സ്പാനിഷ് ഭാഷയിലും സംഗീതത്തിലും അഭിമാനിക്കാൻ ഈ പരിപാടി തങ്ങളെ സഹായിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം.

തന്റെ പാട്ടുകളിലൂടെയും പ്രകടനങ്ങളിലൂടെയും ഹിസ്പാനിക് പാരമ്പര്യത്തെയും അവകാശങ്ങളെയും കുറിച്ച് അദ്ദേഹം നിരന്തരം സംസാരിക്കുന്നു. കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ഒരു നിശബ്ദ പ്രതിഷേധമായാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്. നയങ്ങൾക്കിടയിൽ പരസ്പരം താങ്ങായി നിൽക്കാനും തങ്ങളുടെ സംസ്കാരം ആഘോഷിക്കാനുമുള്ള ഒരിടമായി കൂടി സംഗീതനിശ മാറുന്നു. ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങൾക്ക് ശബ്ദമുണ്ട് എന്ന് ലോകത്തോട് വിളിച്ചുപറയാൻ ബാഡ് ബണ്ണി പ്രേരിപ്പിക്കുന്നതായി സംഗീത പരിപാടിക്ക് എത്തുന്നവർ ഒരേ മനസോടെ പറയുന്നു. അമേരിക്കൻ രാഷ്ട്രീയത്തിൽ കുടിയേറ്റ വിഷയം ചർച്ചയായി മാറുന്ന കാലത്ത് ഒരു ജനതയ്ക്ക് കരുത്ത് നൽകുന്ന ബാഡ് ബണ്ണിയുടെ ഈ സംഗീത യാത്ര ആഗോള ശ്രദ്ധ നേടുകയാണ്.

ബാഡ് ബണ്ണിയുടെ ‘DeBÍ TiRAR MáS FOToS’ വേൾഡ് ടൂർ ഇപ്പോൾ ലാറ്റിൻ അമേരിക്കയിലും മറ്റ് ഭൂഖണ്ഡങ്ങളിലും തരംഗമായി മാറുകയാണ്. ഫെബ്രുവരി 13, 14, 15 തിയതികളിൽ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ റിവർ പ്ലേറ്റിൽ മൂന്ന് ദിവസത്തെ വമ്പൻ ഷോകൾ നടക്കും. ഫെബ്രുവരി 20, 21 തിയതികളിൽ സാവോ പോളോയിലും
ഫെബ്രുവരി 28, മാർച്ച് 1 തിയതികളിൽ സിഡ്‌നിയിലും മാർച്ചിൽ ടോക്കിയോയിലും ബാഡ് ബണ്ണി സംഗീത വിരുന്നൊരുക്കും.മെയ് മുതൽ ജൂലൈ വരെ സ്പെയിൻ, പോർച്ചുഗൽ, ലണ്ടൻ, പാരിസ് തുടങ്ങിയ നഗരങ്ങളിൽ ഷോകൾ നടക്കും. ജൂലൈ 22-ന് ബ്രസ്സൽസിലാണ് ടൂർ അവസാനിക്കുന്നത്.
