ഓട്ടവ : രണ്ടു വർഷം മുമ്പ് നടന്ന ടൊറൻ്റോ ഉപതിരഞ്ഞെടുപ്പിൽ മുൻ ലിബറൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ഇലക്ഷൻസ് കാനഡ റിപ്പോർട്ട് ചെയ്തു. 2024 ലെ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സർക്കാർ സംഘടിപ്പിച്ച രണ്ട് പത്രസമ്മേളനങ്ങളിൽ മറുപടി നൽകിയതിലൂടെ മനഃപൂർവ്വമല്ലാതെ മുൻ ലിബറൽ എംപി തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷണർ അറിയിച്ചു. സർക്കാർ നയത്തെക്കുറിച്ചും ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുമാണ് മാധ്യമപ്രവർത്തകർ ക്രിസ്റ്റിയ ഫ്രീലാൻഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.

ക്രിസ്റ്റിയ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന 2024 ജൂൺ 23, 24 തീയതികളിലാണ് പത്രസമ്മേളനങ്ങൾ നടന്നത്. സെൻ്റ് പോൾസ് റൈഡിങിലെ ലിബറൽ സ്ഥാനാർത്ഥി ലെസ്ലി ചർച്ചിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഈ പത്രസമ്മേളനങ്ങൾ സംഘടിപ്പിച്ചത്. അതേസമയം തന്‍റെ മറുപടികൾ തിരഞ്ഞെടുപ്പ് നിയമത്തിന്‍റെ ലംഘനമാകുമെന്ന് ഫ്രീലാൻഡിന് അറിയില്ലായിരുന്നുവെന്ന് ഇലക്ഷൻസ് കാനഡ പറയുന്നു. ജനുവരി 9 ന് ലിബറൽ എംപി സ്ഥാനം ഫ്രീലാൻഡ് ഔദ്യോഗികമായി രാജിവച്ചു.
