ഇംഫാൽ: മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കുക്കി-നാഗ ഗോത്ര സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി. സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതോടെ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം ഭരണകൂടം പിൻവലിച്ചു. ലിറ്റാനിൽ നാല് വ്യക്തികൾ തമ്മിലുണ്ടായ നിസ്സാരമായ തർക്കം പിന്നീട് വലിയ രീതിയിലുള്ള ഗോത്ര സംഘർഷമായി വളരുകയായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകളിലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാഗാ ലോങും കുക്കി പ്രാദേശിക നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്ര സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സമാധാന ധാരണയിലെത്തിയത്. സംഘർഷം നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.

അക്രമാസക്തമായ സാഹചര്യത്തിൽ 70-ലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയായിരുന്നു. സായുധ സംഘടനകളായ എൻ.എസ്.സി.എൻ, കെ.എൻ.ഒ എന്നിവർ അതത് ഗോത്രങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരുന്നു. എന്നാൽ കലാപം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കുക്കി, നാഗാ എം.എൽ.എമാർ സജീവമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.
