Saturday, February 14, 2026

വീരപുത്രന്മാരുടെ ഓർമ്മയിൽ രാജ്യം; പുൽവാമ രക്തസാക്ഷിത്വത്തിന് ഇന്ന് ഏഴ് വർഷം

ന്യൂഡൽഹി: ഭാരതത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം. 2019 ഫെബ്രുവരി 14-ന് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ചാവേർ ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 വീരസൈനികർക്ക് ജീവൻ നഷ്ടമായി. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറും അന്ന് വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു.

ജമ്മു-ശ്രീനഗർ ദേശീയപാതയിലെ അവന്തിപ്പുരയ്ക്ക് സമീപമായിരുന്നു രാജ്യത്തെ പിടിച്ചുലച്ച ആ ദുരന്തം. 2547 ജവാന്മാരടങ്ങുന്ന 78 വാഹനങ്ങളുടെ വ്യൂഹത്തിന് നേരെയാണ് ചാവേറായ ആദിൽ അഹമ്മദ് കാർ ഓടിച്ചു കയറ്റിയത്. 100 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ചാവേർ ഉപയോഗിച്ചിരുന്നത്. ഇതിനെത്തുടർന്ന് നടന്ന എൻഐഎ അന്വേഷണത്തിൽ, ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനാണ് ആക്രമണം ഏകോപിപ്പിച്ചതെന്ന് കണ്ടെത്തുകയും പിന്നീട് ഇയാളെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

പുൽവാമയിലെ ഭീരുത്വപരമായ ആക്രമണത്തിന് 12-ാം ദിവസം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകർത്തു. മുന്നൂറോളം ഭീകരരെ ഈ സൈനിക നടപടിയിൽ വധിച്ചതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!