ഡിസ്പുർ: അസമിലെ ആദ്യത്തെ അടിയന്തര ലാൻഡിങ് ഹൈവേയിൽ (ELF) ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ വന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ സുരക്ഷയ്ക്കും വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനും ഒരുപോലെ കരുത്തേകുന്നതാണ് ഈ പുതിയ പദ്ധതി. ദിബ്രുഗഡ് ജില്ലയിലെ മൊറാൻ ബൈപാസിൽ 100 കോടി രൂപ ചെലവിൽ നിർമ്മിച്ച 4.2 കിലോമീറ്റർ നീളമുള്ള ഈ ലാൻഡിങ് സ്ട്രിപ്പ് പ്രതിരോധ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്.
രാവിലെ ചബുവ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു. അവിടെ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ (C-130J) വിമാനത്തിലാണ് അദ്ദേഹം പുതിയ ലാൻഡിങ് ഫെസിലിറ്റിയിലേക്ക് യാത്ര ചെയ്തത്. ഈ ലാൻഡിങ് സ്ട്രിപ്പിന്റെ ഉദ്ഘാടനത്തോടൊപ്പം 5,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി സംസ്ഥാനത്ത് തുടക്കം കുറിച്ചു.

യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന വ്യോമസേനയുടെ 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ആകാശ പ്രദർശനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ അടിസ്ഥാന സൗകര്യമാണിത്. ചടങ്ങിന് ശേഷം അദ്ദേഹം ELF-ൽ നിന്ന് അതേ വിമാനത്തിൽ തന്നെ ഗുവാഹത്തിയിലേക്ക് തിരിക്കും. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഹൈവേ ലാൻഡിങ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്.
