Saturday, February 14, 2026

ഓഫീസ് ജോലി നിർബന്ധമാക്കി നോവസ്കോഷ ; കടുത്ത പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടന

ഹാലിഫാക്സ്: ജീവനക്കാർ റിമോട്ട് വർക്ക് സംവിധാനം അവസാനിപ്പിച്ച് ഏപ്രിൽ 20-നകം എല്ലാവരും ഓഫീസുകളിൽ തിരിച്ചെത്തണമെന്ന പ്രാവിശ്യ സർക്കാരിന്റെ ഉത്തരവിനെതിരെ നോവസ്കോഷ ഗവൺമെന്റ് ആൻഡ് ജനറൽ എംപ്ലോയീസ് യൂണിയൻ (NSGEU) രംഗത്തെത്തി. ഫെബ്രുവരി 13-നാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. സർവീസിലെ ഐക്യരൂപം ഉറപ്പാക്കാനും ടീമുകൾ തമ്മിലുള്ള ഏകോപനവും സേവന നിലവാരവും മെച്ചപ്പെടുത്താനുമാണ് ഈ മാറ്റമെന്ന് ഡെപ്യൂട്ടി ലേബർ മിനിസ്റ്റർ റയാൻ ഗ്രാന്റ് ജീവനക്കാർക്കയച്ച മെമ്മോയിൽ വ്യക്തമാക്കി.

ബാർഗൈനിങ് യൂണിറ്റിൽ ഉൾപ്പെട്ട ജീവനക്കാർ ഏപ്രിൽ 20 മുതൽ ആഴ്ചയിൽ മുഴുവൻ ദിവസവും ഓഫീസിൽ ഹാജരാകേണ്ടതുണ്ട്. ബാർഗൈനിങ് യൂണിറ്റിൽ ഉൾപ്പെടാത്ത മറ്റ് ജീവനക്കാർ 2024 അവസാനത്തോടെ തന്നെ ഓഫീസുകളിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനം ജീവനക്കാരുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും യാത്രാ സമയം, ഇന്ധനച്ചെലവ്, പാർക്കിങ് ഫീസ് എന്നിവ വർധിപ്പിക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. നഗരമധ്യത്തിലെ പാർക്കിങ്, ഗതാഗത പ്രശ്നങ്ങൾ നിലവിൽ രൂക്ഷമാണെന്നും പുതിയ തീരുമാനം ഇത് വർധിപ്പിക്കുമെന്നും യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യുന്നത് പ്രവർത്തനക്ഷമത വർധിപ്പിക്കുമെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകളോ സ്ഥിതിവിവരക്കണക്കുകളോ സർക്കാർ നൽകിയിട്ടില്ലെന്ന് എൻ.എസ്.ജി.ഇ.യു ആരോപിച്ചു. ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജീവനക്കാർക്കായി വാദിക്കുമെന്നും സംഘടന വ്യക്തമാക്കി. നിലവിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നാണ് സംഘടനയുടെ ആവശ്യം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!