ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (പിഇഐ) നേഴ്സുമാർ തൊഴിലിടങ്ങളിൽ കടുത്ത അക്രമങ്ങളും പീഡനങ്ങളും നേരിടുന്നതായി സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷം 88 ശതമാനം നേഴ്സുമാരും ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായതായി കനേഡിയൻ ഫെഡറേഷൻ ഓഫ് നേഴ്സസ് യൂണിയൻ നടത്തിയ സർവേ കണ്ടെത്തി. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടേണ്ടി വരുമ്പോഴും, പരാതി നൽകിയിട്ട് കാര്യമില്ലെന്ന ചിന്തയാൽ പകുതിയിലധികം പേരും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. പരാതി നൽകിയാലും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടികളോ നേഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യമായ മാറ്റങ്ങളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് നേഴ്സസ് യൂണിയൻ പ്രസിഡന്റ് കിം സിയേഴ്സ് കുറ്റപ്പെടുത്തി.

ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണെന്നും നിലവിലുള്ള നിയമങ്ങൾ പ്രായോഗികതലത്തിൽ പരാജയമാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിലെ പരിമിതമായ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരുടെ കുറവുമാണ് അക്രമങ്ങൾ വർധിക്കാൻ പ്രധാന കാരണമായി പറയുന്നത്. സ്റ്റാഫ് അനുപാതം വർധിപ്പിക്കുക, എല്ലാ ആശുപത്രികളിലും സെക്യൂരിറ്റി കാമറകളും അലാറം സംവിധാനങ്ങളും കർശനമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നേഴ്സുമാർ മുന്നോട്ടുവെക്കുന്നു. രോഗികളുടെയും പൊതുജനങ്ങളുടെയും നിരാശയും ദേഷ്യവും നേഴ്സുമാരുടെ മേൽ തീർക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കൂടുതൽ ശക്തമായ നിയമനടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
