വൻകൂവർ : സ്ക്വാമിഷ് നഗരമധ്യത്തിലെ വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ വേഗനിയന്ത്രണം ഏർപ്പെടുത്തി സിറ്റി. മണിക്കൂറിൽ 50 കിലോമീറ്റർ എന്ന നിലവിലെ വേഗപരിധി 30 കിലോമീറ്ററായാണ് കുറച്ചത്. ഐസിബിസി നൽകിയ അപകട കണക്കുകളും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും പരിഗണിച്ചാണ് സിറ്റിയുടെ ഈ നിർണ്ണായക തീരുമാനം. പുതിയ വേഗപരിധി ഫെബ്രുവരി 17 മുതൽ നിലവിൽ വരുമെന്ന് മേയർ അർമാൻഡ് ഹർഫോർഡ് അറിയിച്ചു.

കണക്കുകൾ പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടെ സ്ക്വാമിഷിൽ നടന്ന അപകടങ്ങളിൽ 27 ശതമാനവും നഗരമധ്യത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാഹനങ്ങളുടെ വേഗം 50-ൽ നിന്ന് 30 കിലോമീറ്ററിലേക്ക് കുറയ്ക്കുന്നത് അപകടങ്ങളിൽ പെടുന്നവരുടെ അതിജീവന സാധ്യത 80 ശതമാനത്തിലധികം വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ നഗരത്തെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വൻകൂവർ ഉൾപ്പെടെയുള്ള ബ്രിട്ടിഷ് കൊളംബിയയിലെ മറ്റ് സിറ്റികളും നേരത്തെ തന്നെ സമാനമായ വേഗനിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു.
