വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ കൂട്ടവെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ഫെഡറൽ, പ്രവിശ്യാ നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ടൗൺ ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി മാർക്ക് കാർണി, പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, എൻഡിപി ഇടക്കാല ലീഡർ ഡോൺ ഡേവീസ്, ഗ്രീൻ പാർട്ടി ലീഡർ എലിസബത്ത് മേ, ബ്ലോക്ക് കെബെക്ക്വ ലീഡർ ഈവ് -ഫ്രാൻസ്വാ ബ്ലാങ്കറ്റ്, എന്നിവരടക്കമുള്ള രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു.

ഈ വേദനയിൽ രാജ്യം മുഴുവൻ ടംബ്ലർ റിഡ്ജ് സമൂഹത്തിനൊപ്പമുണ്ടെന്ന് മാർക്ക് കാർണി ഉറപ്പുനൽകി.വിദ്യാലയത്തിൽ കൊല്ലപ്പെട്ട അബേൽ മാൻസ, എസക്കിയേൽ ഷോഫീൽഡ്, കൈലി സ്മിത്ത്, സോയി ബെനോയിറ്റ്, ടിക്കറിയ ലാംപെർട്ട് എന്നീ വിദ്യാർത്ഥികളെയും അധ്യാപിക ഷാൻഡ അവിയുഗാന-ഡുറാൻഡിനെയും ചടങ്ങിൽ അനുസ്മരിച്ചു. വെടിവെപ്പ് നടന്ന രണ്ട് മിനിറ്റിനുള്ളിൽ പ്രതികരിച്ച ആർ.സി.എം.പി ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെ സംരക്ഷിക്കാൻ ശ്രമിച്ച അധ്യാപകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വെടിവെപ്പിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും, അക്രമിക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
