റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് പുറമെ ‘സർവീസ് ചാർജ്’ എന്ന പേരിൽ 5% മുതൽ 10% വരെ അധിക തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). സേവനത്തിൽ സംതൃപ്തനാണെങ്കിൽ ഉപഭോക്താവ് സ്വമേധയാ നൽകേണ്ട ‘ടിപ്പിന്’ പകരമായി ഹോട്ടലുകൾ നിർബന്ധപൂർവ്വം ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നത് ‘അന്യായമായ വ്യാപാര രീതി’ ആണെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ. ബാർബിക്യൂ നേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ കർശന നടപടി.
മെനു കാർഡിലോ ബില്ലിലോ സർവീസ് ചാർജ് എന്ന് രേഖപ്പെടുത്തിയത് കൊണ്ട് മാത്രം അത് നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥനല്ല. പേര് മാറ്റി ‘സ്റ്റാഫ് വെൽഫെയർ ഫണ്ട്’ എന്നാക്കിയാലും അത് നിയമവിരുദ്ധം തന്നെയാണ്. സർവീസ് ചാർജിന് മുകളിൽ വീണ്ടും ജിഎസ്ടി ഈടാക്കുന്നത് ഉപഭോക്താവിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും, ഈ തുക നൽകാത്തതിന്റെ പേരിൽ സേവനം നിഷേധിക്കുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

നിയമം ലംഘിക്കുന്ന ഹോട്ടലുകൾക്കെതിരെ പിഴ ചുമത്താനും ബില്ലിങ് സോഫ്റ്റ്വെയറുകളിൽ നിന്ന് സർവീസ് ചാർജ് കോളം നീക്കം ചെയ്യാനും സിസിപിഎ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും റസ്റ്ററന്റുകൾ സർവീസ് ചാർജ് ആവശ്യപ്പെട്ട് നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ 1915 എന്ന ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ നമ്പറിൽ പരാതിപ്പെടാവുന്നതാണ്.
