ലണ്ടന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവും വ്ളാഡിമിര്‍ പുട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്‌സി നവല്‍നി ജയിലില്‍ കൊല്ലപ്പെട്ടത് അതീവ മാരകമായ ‘തവള വിഷം’ (Dart Frog Poison) ഉപയോഗിച്ചാണെന്ന് അന്താരാഷ്ട്ര അന്വേഷണ റിപ്പോര്‍ട്ട്. തെക്കേ അമേരിക്കന്‍ വനങ്ങളില്‍ കാണപ്പെടുന്ന വിഷത്തവളകളില്‍ നിന്ന് വികസിപ്പിച്ചെടുക്കുന്ന ‘എപ്പിബാറ്റിഡിന്‍’ (Epibatidine) എന്ന വിഷം നവല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16-ന് സൈബീരിയയിലെ ആര്‍ട്ടിക് ജയിലിലാണ് നവല്‍നിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മള്‍ട്ടി-ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ സങ്കീര്‍ണ്ണമായ പരിശോധനയിലാണ് നവല്‍നിയുടെ ശരീരസാമ്പിളുകളില്‍ നിന്ന് ഈ അപൂര്‍വ്വ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. സ്വാഭാവികമായി റഷ്യയില്‍ കാണപ്പെടാത്ത ഈ വിഷം നവല്‍നിയുടെ ശരീരത്തില്‍ എത്തിയത് കൊലപാതകത്തിനുള്ള വ്യക്തമായ തെളിവാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. സൈബീരിയയിലെ അതീവ സുരക്ഷയുള്ള ജയിലില്‍ വച്ച് ഇത്തരമൊരു വിഷപ്രയോഗം നടത്താന്‍ റഷ്യന്‍ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. അതേസമയം, ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ ഈ നടപടി അന്താരാഷ്ട്ര രാസായുധ നിരോധന കരാറുകളുടെ (Chemical Weapons Convention) നഗ്‌നമായ ലംഘനമാണെന്ന് ബ്രിട്ടന്‍ വിമര്‍ശിച്ചു. ഈ മൃഗീയമായ പ്രവര്‍ത്തിക്കെതിരെ റഷ്യയെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ (OPCW) റിപ്പോര്‍ട്ട് ചെയ്യുമെന്നും യുകെ മുന്നറിയിപ്പ് നല്‍കി. 19 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നവല്‍നി കൊല്ലപ്പെട്ടത്. നവല്‍നിയെ ഇല്ലാതാക്കാനുള്ള കൃത്യമായ പ്രേരണയും സാഹചര്യവും റഷ്യന്‍ ഭരണകൂടത്തിന് ഉണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഷ്യന്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്ന രീതിയെക്കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് ഈ റിപ്പോര്‍ട്ട് കാരണമായിട്ടുണ്ട്.
