Sunday, February 15, 2026

റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ല, ഉറപ്പു ലഭിച്ചെന്ന് യുഎസ്; ഇഷ്ടമുള്ളിടത്ത് നിന്ന് വാങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍

വിഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന അമേരിക്കയുടെ അവകാശവാദത്തെ ശക്തമായി തള്ളി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ജര്‍മനിയില്‍ നടന്ന 62-ാമത് മ്യൂണിക്ക് സുരക്ഷാ ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത പരസ്യമായത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് ഇന്ത്യ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉച്ചകോടിയില്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയുടെ പരമാധികാരം ആരുടെ മുന്നിലും അടിയറവ് വെച്ചിട്ടില്ലെന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തി സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ ഇതിന് മറുപടിയായി വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള എണ്ണക്കമ്പനികള്‍ വിപണിയിലെ സാഹചര്യങ്ങളും സ്വന്തം താത്പര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങള്‍ പറയുന്നത് അനുസരിച്ചായിരിക്കില്ല ഇന്ത്യയുടെ നിലപാടുകളെന്നും, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും, പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഔദ്യോഗികമായി ഇന്ത്യ ഈ മാറ്റം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കണക്കുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രതിദിനം 20.9 ലക്ഷം ബാരലായിരുന്ന ഇറക്കുമതി, ഈ വര്‍ഷം ജനുവരിയില്‍ 11.6 ലക്ഷം ബാരലായി താഴ്ന്നു. ഇത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അമേരിക്കയുടെ സമ്മര്‍ദ്ദമാണോ അതോ വിപണിയിലെ മറ്റ് മാറ്റങ്ങളാണോ ഈ കുറവിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും, റഷ്യയുമായുള്ള ഊര്‍ജ്ജ ഇടപാടുകളില്‍ ഇന്ത്യ പുനര്‍ചിന്തനം നടത്തുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!