ഓട്ടവ: കാനഡയുടെ വടക്കന്‍ ആര്‍ട്ടിക് മേഖലയിലെ പ്രഥമ സര്‍വകലാശാല നുനാവട്ടിലെ ആര്വിയാറ്റില് (Arviat) സ്ഥാപിക്കുന്നു. ‘ഇനൂയിറ്റ് നുനംഗട്ട് യൂണിവേഴ്സിറ്റി’ (INU) എന്ന് പേരിട്ടിരിക്കുന്ന ഈ വിദ്യാലയം 2030-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാനഡയിലെ ആര്‍ട്ടിക് ജനതയുടെ (ഇനൂയിറ്റുകള്‍) ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതൊരു വിപ്ലവകരമായ മാറ്റമായിരിക്കുമെന്ന് ആര്വിയാറ്റ് മേയര്‍ ജോ സാവികാറ്റാക്ക് ജൂനിയര്‍ പ്രതികരിച്ചു.
ഏകദേശം 3,000 പേര് മാത്രം താമസിക്കുന്ന ആര്വിയാറ്റിനെ സര്‍വകലാശാലയുടെ ആസ്ഥാനമായി തിരഞ്ഞെടുത്തത് അവിടുത്തെ വികസന സാധ്യതകളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവും കണക്കിലെടുത്താണെന്ന് മേയര്‍ പറഞ്ഞു. ആര്‍ട്ടിക്കിലെ കഠിനമായ കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും വെല്ലുവിളിയാണെങ്കിലും, മാലിന്യ സംസ്കരണം, വൈദ്യുതി, വെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നഗരം സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ ആര്‍ട്ടിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായി തെക്കന്‍ കാനഡയിലോ വിദേശത്തോ പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകും.

ഇനൂയിറ്റ് സംസ്കാരം, പാരമ്പര്യം, നിയമങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന രീതിയിലായിരിക്കും സര്‍വകലാശാലയുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ മാനസികവും ആത്മീയവുമായ പുരോഗതിക്കും ഇനൂയിറ്റ് ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനം പ്രാധാന്യം നല്‍കും. ഇനൂയിറ്റ് ഭാഷയ്ക്ക് (Inuktitut) വലിയ പ്രാധാന്യമുള്ള ഈ പ്രദേശത്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആ സംസ്കാരം നേരിട്ട് അനുഭവിക്കാന്‍ സാധിക്കും.
പ്രാരംഭ ഘട്ടത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ആര്വിയാറ്റിലെ പ്രധാന കാമ്പസിന് പുറമെ നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്, ക്യൂബെക് എന്നിവിടങ്ങളിലും അറിവ് കൈമാറ്റ കേന്ദ്രങ്ങള്‍ (Knowledge Centres) ഈ സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കും. ഇത് കേവലം ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമല്ല, മറിച്ച് ഇനൂയിറ്റ് ജനതയുടെ സ്വത്വം സംരക്ഷിക്കാനുള്ള ഒരു കേന്ദ്രമായിരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
