കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ ഇന്ന് ഇറങ്ങും. മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് സ്പിന്നർമാർ. സമീപകാലത്തെ നിരവധി വിജയങ്ങളും മികച്ച ബൗളർമാരുടെ സാന്നിധ്യവുമായി പെർഫക്ട് ട്വന്റി20 ടീമുമായാണ് ഇന്ത്യ ലോകകപ്പിന് എത്തിയത്. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടിയും വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സ്പിൻ നിരയുമാണ് ഇന്ത്യയുടെ ശക്തി. നമീബിയക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അസുഖം മൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമ ഓപ്പണറായി പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ പുറത്തായി. ടോസ് സമയത്ത് പാകിസ്ഥാൻ നായകൻ സൽമാൻ ആഗയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹസ്തദാനം ചെയ്തില്ല. ഏഷ്യാ കപ്പിലും ഇന്ത്യ-പാക് നായകൻമാരും കളിക്കാരും തമ്മിൽ പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല. ഉസ്മാൻ താരിഖ്, സയിം അയൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിങ്ങനെ 5 സ്പിന്നർമാരുമായാണ് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ ഇറങ്ങിയത്. സ്പിൻ പറുദീസയായ കൊളംബോയിലെ പിച്ചിൽ ഈ സ്പിന്നർമാരാണ് പാക്കിസ്ഥാന്റെ കരുത്ത്. ബാറ്റിങ്ങിൽ സാഹിബ്സാദാ ഫർഹാൻ നൽകുന്ന തുടക്കവും മധ്യനിരയിൽ ബാബർ അസമിന്റെ ഫോമും പാക്കിസ്ഥാന് ഏറെ നിർണായകമാണെന്ന് കരുതുന്നു.

കൊളംബോയിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചകഴിഞ്ഞും വൈകിട്ടും മഴയുണ്ടായേക്കും. സ്റ്റേഡിയത്തിൽ മികച്ച ഡ്രൈനേജ് സംവിധാനം ഉള്ളതിനാൽ മഴമാറി 20 മിനിറ്റിനുള്ളിൽ മത്സരം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ റിസർവ് ഡേ ഇല്ലാത്തതിനാൽ, മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്.
