ഓട്ടവ: ആഗോളതലത്തിൽ പ്രകൃതിക്ഷോഭങ്ങൾ കൂടുന്നത് സാധാരണക്കാരുടെ ഇൻഷുറൻസ് ചെലവുകൾക്ക് തിരിച്ചടിയാകുന്നു. ചുഴലിക്കാറ്റ്, കാട്ടുതീ, അപ്രതീക്ഷിത പ്രളയം എന്നിവ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി. പ്രകൃതി ദുരന്തങ്ങളെ ഭയന്ന് പല കമ്പനികളും പ്രീമിയം തുക കുത്തനെ കൂട്ടുകയും ഇൻഷുറൻസ് പരിരക്ഷ പരിമിതപ്പെടുത്തുകയും ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം പ്രകൃതിക്ഷോഭങ്ങൾ പതിവാകുന്നത് ഇൻഷുറൻസ് ക്ലെയിമുകളുടെ എണ്ണം വലിയ തോതിൽ കൂട്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ഇങ്ങനെ ലാഭം നഷ്ടപ്പെട്ടതോടെയാണ് കമ്പനികൾ ഇൻഷുറൻസ് തുക കൂട്ടിയത്. കടൽത്തീരങ്ങൾ, കാട്ടുതീ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇൻഷുറൻസ് നൽകുന്നതിൽ നിന്ന് പല മുൻനിര കമ്പനികളും ഇപ്പോൾ പിന്മാറുകയാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഹോം ഇൻഷുറൻസ് പ്രീമിയത്തിൽ 40 ശതമാനം വരെ വർധന ചിലയിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് ഇപ്പോൾ പ്രത്യേക പോളിസികളോ അല്ലെങ്കിൽ ഉയർന്ന ‘ഡിഡക്ടിബിൾ’ തുകയോ ആണ് കമ്പനികൾ ആവശ്യപ്പെടുന്നത്. ഉയർന്ന റിസ്ക് ഉള്ള മേഖലകളിൽ പുതിയ പോളിസികൾ ലഭിക്കാത്തത് വീട് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിൽ വീടുകളുടെ ബലം വർധിപ്പിക്കാൻ ഇംപാക്ട് റെസിസ്റ്റന്റ് ഗ്ലാസ്, ശക്തമായ മേൽക്കൂരകൾ എന്നിവ നിർമ്മിക്കുന്നത് പ്രീമിയം തുക കുറയ്ക്കാൻ സഹായിച്ചേക്കാം. സ്വകാര്യ കമ്പനികൾ പിന്മാറുന്ന സാഹചര്യത്തിൽ സർക്കാർ പദ്ധതികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യവുമുണ്ട്.
