കൊളംബോ: ലോകപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. പാകിസ്ഥാനെതിരെ 61 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ മറുപടി 18 ഓവറിൽ 114 റൺസിൽ അവസാനിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ ആണ് ഇന്ത്യയുടെ വിജയശിൽപ്പി. 34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ പാക്ക് നിരയിൽ പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പർ 8 ൽ ഉൾപ്പെടാമെന്ന പ്രതീക്ഷയുണ്ട്. എ ഗ്രൂപ്പിൽ നാലു പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

നിലയുറപ്പിക്കുന്ന ബാറ്റിങ് നിരയുണ്ടെങ്കിൽ പാക്കിസ്ഥാന് ജയിച്ചു കയറാവുന്ന വിജയലക്ഷ്യമായിരുന്നു പാക്ക് ബോളർമാർ ബാറ്റർമാർക്ക് മുന്നിൽവച്ചത്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ സഹിബ്സദ ഫർഹാനെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബുമ്രയുടെ രണ്ടാം ഓവറിൽ സയിം അയൂബും സൽമാൻ ആഗയും മടങ്ങി. പവർപ്ലേ തീരുംമുൻപേ പാക്കിസ്ഥാനു നാലാം വിക്കറ്റും നഷ്ടമായി. അഞ്ചു റൺസെടുത്ത ബാബർ അസം അക്ഷർ പട്ടേലിന്റെ പന്തിൽ ബോൾഡായി. ആദ്യ ആറോവറിൽ 38 റൺസാണ് പാക്കിസ്ഥാൻ നേടിയത്. ബാറ്റിങ്ങിൽ നേരത്തേയിറങ്ങിയ ഉസ്മാൻ ഖാൻ പിടിച്ചുനിന്നത് പാക്കിസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും, അതും അധികം നീണ്ടില്ല.
