ടൊറൻ്റോ : 2026 വിന്റർ ഒളിംപിക്സ് മത്സരങ്ങൾ തത്സമയം കാണുന്നതിനായി അതിരാവിലെ ഉണരുന്ന ഹാമിൽട്ടണിലെ കായിക പ്രേമികൾക്ക് ആവേശകരമായ വാർത്ത. ഒളിംപിക്സ് പ്രമാണിച്ച് നഗരത്തിലെ ബാറുകളിലും റസ്റ്ററന്റുകളിലും മദ്യവിൽപ്പനയ്ക്കുള്ള സമയപരിധിയിൽ സർക്കാർ ഇളവ് അനുവദിച്ചു. ഇതനുസരിച്ച് ഇൻഡോർ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് ഇനി മുതൽ ദിവസവും രാവിലെ 6 മണി മുതൽ മദ്യം വിൽക്കാൻ അനുവാദമുണ്ടാകും.

ഹാമിൽട്ടൺ സിറ്റി കൗൺസിലിന്റെ പ്രത്യേക പ്രമേയത്തെത്തുടർന്ന് ആൽക്കഹോൾ ആൻഡ് ഗെയിമിങ് കമ്മീഷൻ ഓഫ് ഒന്റാരിയോ (AGCO) ആണ് ഈ താൽക്കാലിക അനുമതി നൽകിയത്. ഈ ആനുകൂല്യം 2026 ഫെബ്രുവരി 22 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാത്രിയിൽ ബാറുകളും റസ്റ്ററന്റുകളും അടയ്ക്കേണ്ട സാധാരണ സമയമായ 2 മണിയിൽ മാറ്റമുണ്ടാകില്ല.
പാറ്റിയോ പോലുള്ള ഔട്ട്ഡോർ ലൈസൻസുള്ളവയ്ക്ക് ഈ സമയപരിധി മാറ്റം ബാധകമല്ലെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും ഒളിംപിക്സ് ആഘോഷങ്ങൾ ആസ്വദിക്കണമെന്നും ജനങ്ങളോടും ബിസിനസ്സ് സ്ഥാപനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.
