Monday, February 16, 2026

ഒരു യുഎസ് വിമാനവാഹിനി കൂടി പശ്ചിമേഷ്യയിലേക്ക്; ഇറാനുമായി ചര്‍ച്ച നാളെ

ജനീവ: ആണവ പദ്ധതികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ജനീവയില്‍ നടക്കും. സ്വിസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ നിര്‍ണ്ണായക ചര്‍ച്ചയില്‍ യുഎസ് പശ്ചിമേഷ്യാ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാറദ് കുഷ്‌നറും പങ്കെടുക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘം ഇതിനകം തന്നെ ജനീവയിലെത്തിയിട്ടുണ്ട്.

ആണവ പദ്ധതിയോടൊപ്പം ഊര്‍ജ്ജം, ഖനനം, വിമാന ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിഷയങ്ങളും ഇത്തവണ ചര്‍ച്ചാവിഷയമാകുമെന്ന് ഇറാന്റെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഹമീദ് ഗന്‍ബാരി വ്യക്തമാക്കി. അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത ഉപരോധങ്ങളില്‍ ഇളവ് വരുത്താന്‍ തയ്യാറാണെങ്കില്‍ ആണവ പദ്ധതികളില്‍ വിട്ടുവീഴ്ചയാകാമെന്ന സൂചന ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തക്ത് റാവന്‍ജി നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ഒരു ഉടമ്പടിയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.

2015-ലെ ആണവ കരാറില്‍ നിന്ന് 2018-ല്‍ ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിലവില്‍ 60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കുറയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ചര്‍ച്ചകളില്‍ സജീവമാകാനാണ് ഇറാന്റെ നീക്കം. എന്നാല്‍, ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്‍ക്കുകയാണ്.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഇറാനുമേല്‍ സൈനികമായ സമ്മര്‍ദ്ദം ചെലുത്താനും ട്രംപ് ഭരണകൂടം മറക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോഡിനെ’ കരീബിയന്‍ തീരത്തുനിന്നും പശ്ചിമേഷ്യയിലേക്ക് തിരിച്ചുവിട്ടത് ഇതിന്റെ ഭാഗമായാണ്. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് വിമാനവാഹിനിയുടെ വിന്യാസത്തിലൂടെ അമേരിക്ക നല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!