ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളിലും മറ്റ് അനുബന്ധ നിയമപ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ മാര്‍ച്ച് 14-നകം തങ്ങളുടെ അന്തിമ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഏപ്രില്‍ 7 മുതല്‍ കേസില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വാദം തുടങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ സുപ്രീം കോടതിയുടെ ഈ നീക്കം രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

ഏപ്രില്‍ 7 മുതല്‍ 22 വരെ നീളുന്ന കൃത്യമായ സമയക്രമമാണ് വാദത്തിനായി കോടതി നിശ്ചയിച്ചിരിക്കുന്നത്. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഏപ്രില്‍ 7 മുതല്‍ 9 വരെയും, എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 16 വരെയും സമയം അനുവദിച്ചു. ഏപ്രില്‍ 21-ന് മറുപടി വാദവും (Rejoinder), 22-ന് അമിക്കസ് ക്യൂറിയുടെ അന്തിമ വാദവും നടക്കും. ശബരിമല വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം തന്നെ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്സി സ്ത്രീകളുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീ ചേലാകര്‍മ്മം തുടങ്ങിയ മതസ്വാതന്ത്ര്യവും ലിംഗസമത്വവുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.
യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 14-നകം രേഖാമൂലം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെ, തിരഞ്ഞെടുപ്പ് കാലത്ത് ഇത് സര്‍ക്കാരിന് നിര്‍ണ്ണായകമാകും. മുന്‍പ് സര്‍ക്കാര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്നെങ്കിലും, മാറിയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മതപരമായ ആചാരങ്ങള്‍ ഏതെല്ലാമാണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടോ, മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ് തുടങ്ങിയ സുപ്രധാനമായ ഏഴ് നിയമപ്രശ്നങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുക. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പാഞ്ചോലി എന്നിവരായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം മൂന്നംഗ ബെഞ്ചിലുണ്ടായിരുന്നത്. കേസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ അഭിഭാഷകരെയും കോടതി നിയോഗിച്ചിട്ടുണ്ട്.
