Monday, February 16, 2026

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി ഇസ്രയേല്‍; വ്യാപക പ്രതിഷേധം

ടെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രയേല്‍ ഭൂപ്രദേശമായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാനുള്ള വിവാദപരമായ പ്രമേയത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 1967-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കിനെ ഇസ്രയേലിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കാന്‍ ഇത്തരമൊരു ഔദ്യോഗിക നീക്കം നടക്കുന്നത്. തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ച്, യാരിവ് ലെവിന്‍, ഇസ്രയേല്‍ കറ്റ്‌സ് എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിനാണ് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്.

ഈ മേഖലയില്‍ ഇസ്രായേല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനായി ‘കുടിയേറ്റ വിപ്ലവം’ തുടരുമെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകള്‍ക്ക് വ്യാപകമായ അംഗീകാരം നല്‍കുന്നതിനിടയിലാണ് ഭൂമിക്ക് മേല്‍ നേരിട്ട് അവകാശവാദം ഉന്നയിക്കാനുള്ള ഈ നീക്കം. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ ‘സ്റ്റേറ്റ് ലാന്‍ഡ്’ (സര്‍ക്കാര്‍ ഭൂമി) ആയി പ്രഖ്യാപിക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.

ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ ഫലസ്തീന്‍ അതോറിറ്റിയും ഹമാസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഫലസ്തീന്‍ ഭൂമി മോഷ്ടിക്കാനും മേഖലയെ ‘യഹൂദവല്‍ക്കരിക്കാനുമുള്ള’ ആസൂത്രിത ശ്രമമാണിതെന്ന് ഹമാസ് ആരോപിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നിയമവിരുദ്ധ നീക്കമാണിതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തെ തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!