ഹാലിഫാക്സ് : നോവസ്കോഷയിൽ ഹെറിറ്റേജ് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പൊതുസേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഹാലിഫാക്സ്. അവധി പ്രമാണിച്ച് മേഖലയിലെ പ്രധാന സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ലൈബ്രറികൾ എന്നിവ അടഞ്ഞുകിടക്കുമെങ്കിലും കാനഡ പോസ്റ്റ്, സർവീസ് കാനഡ തുടങ്ങിയ ഫെഡറൽ സേവനങ്ങൾ സാധാരണപോലെ ലഭ്യമായിരിക്കും. ഇത്തവണത്തെ ഹെറിറ്റേജ് ദിനത്തിൽ പ്രശസ്ത അക്കാഡിയൻ രാഷ്ട്രീയ നേതാവായ ജോസഫ് വില്ലി കോമോയെയാണ് പ്രവിശ്യ ആദരിക്കുന്നത്.

മേഖലയിലെ ബസ്സുകളും ഫെറികളും ഹോളിഡേ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെങ്കിലും മാലിന്യ ശേഖരണം അന്നേദിവസം ഉണ്ടായിരിക്കുന്നതല്ല. എമിറ ഓവൽ പോലുള്ള വിനോദ കേന്ദ്രങ്ങൾ കാലാവസ്ഥ അനുകൂലമാണെങ്കിൽ തുറന്നു പ്രവർത്തിക്കും. മേഖലയിൽ നിലനിൽക്കുന്ന മോശം കാലാവസ്ഥ മുൻനിർത്തി സേവനങ്ങളുടെ സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
