ടംബ്ലർ റിഡ്ജ്: കാനഡയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ആഴ്ച അഞ്ച് വിദ്യാർത്ഥികളുടെയും ഒരു അധ്യാപികയുടെയും ജീവൻ നഷ്ടപ്പെട്ട വെടിവെപ്പിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പൂർത്തിയായി. കുറ്റകൃത്യം നടന്ന വിദ്യാലയത്തിൽ നിന്നുള്ള പരിശോധനകൾ പൂർത്തിയാക്കിയ ആർ.സി.എം.പി (RCMP), സ്കൂൾ കെട്ടിടം പ്രാദേശിക സ്കൂൾ ഡിസ്ട്രിക്റ്റിന് തിരികെ കൈമാറി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്സെലാർ സ്കൂളിലെത്തി നിരപരാധികളായ വിദ്യാത്ഥികൾക്ക് നേരെ വെടിയുതിർത്തത്. സ്വന്തം വീട്ടിൽ വെച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിലെത്തിയത്. പൊലീസ് എത്തിയതോടെ ജെസ്സി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്കൂളിന് ചുറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫോറൻസിക് പരിശോധനകളും തെളിവെടുപ്പും പൂർത്തിയായതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

സ്കൂൾ അധികൃതർക്ക് കെട്ടിടം കൈമാറിയെങ്കിലും ക്ലാസുകൾ എന്നാണ് പുനരാരംഭിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അതേ സമയം ദാരുണമായ സംഭവം നടന്ന വിദ്യാലയത്തിലേക്ക് മടങ്ങാൻ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. വിദ്യാർത്ഥികൾ ഇനി ഈ സ്കൂളിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നാണ് സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ക്രിസ്റ്റി ഫെന്നൽ വ്യക്തമാക്കുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന ടംബ്ലർ റിഡ്ജ് നിവാസികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്.
