മൺട്രിയോൾ: മൺട്രിയോളിൽ വ്യാജ തിരിച്ചറിയൽ രേഖകളും ക്രെഡിറ്റ് കാർഡുകളും നിർമ്മിക്കുന്ന ലാബ് പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കെബെക്ക് പ്രൊവിൻഷ്യൽ പൊലീസ് (SQ) അറസ്റ്റ് ചെയ്തു. 42 വയസ്സുകാരനായ ഈവൻസ് എമിൽ, 34 വയസ്സുകാരനായ റാൽഫ്-ഇസായി ലാബാഡി എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് പിടികൂടിയത്. വ്യാജ രേഖകൾ നിർമ്മിക്കുക, മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.

2025 മാർച്ച് 21-ന് മൺട്രിയോളിലെ ചബെനെൽ സ്ട്രീറ്റിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശോധനയിൽ ഡ്രൈവിങ് ലൈസൻസുകൾ, കനേഡിയൻ റെസിഡൻസ് കാർഡുകൾ, ഹെൽത്ത് കാർഡുകൾ (RAMQ), ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, സോഷ്യൽ ഇൻഷുറൻസ് കാർഡുകൾ എന്നിവയുൾപ്പെടെ ആയിരത്തോളം വ്യാജ രേഖകൾ പൊലീസ് പിടിച്ചെടുത്തു. അതീവ നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ രേഖകൾ യഥാർത്ഥ രേഖകളിൽ നിന്ന് തിരിച്ചറിയാൻ പ്രയാസമേറിയവയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഈ അന്വേഷണത്തിൽ ഫോറൻസിക് സയൻസ് ആൻഡ് മെഡിസിൻ ലാബിന്റെ സഹായവും പൊലീസ് തേടിയിരുന്നു.
