മൺട്രിയോൾ : കഴിഞ്ഞ വസന്തകാലത്ത് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, ടെർബോൺ റൈഡിങ്ങിലെ മുൻ ലിബറൽ എം പി ടാറ്റിയാന ഓഗസ്റ്റിന് പിന്തുണയുമായി റൈഡിങ്ങിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28-ന് നടന്ന തിരഞ്ഞെടുപ്പിൽ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെയെ വെറും ഒരു വോട്ടിനാണ് ടാറ്റിയാന പരാജയപ്പെടുത്തിയത്. എന്നാൽ, ഒരു വോട്ടറുടെ തപാൽ വോട്ട് എണ്ണപ്പെട്ടില്ലെന്ന പരാതിയെത്തുടർന്ന് നതാലി ഫലം ചോദ്യം ചെയ്യുകയും കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കുകയുമായിരുന്നു. വോട്ടർമാരെ നേരിൽ കണ്ട പ്രധാനമന്ത്രിയും ടാറ്റിയാനയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും നിർണ്ണായകമാണെന്നും സുതാര്യത ഉറപ്പാക്കാൻ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് സ്വാഗതാർഹമാണെന്നുമാണ് റൈഡിങ്ങിലെ വോട്ടർമാരുടെ പ്രതികരണം. നേരത്തെ മൺട്രിയോളിൽ കാനഡയുടെ പുതിയ പ്രതിരോധ വ്യവസായ നയം പ്രഖ്യാപിച്ച ശേഷമാണ് പ്രധാനമന്ത്രി ടെർബോണിലെത്തിയത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലിബറൽ പാർട്ടിക്കും ബ്ലോക്ക് കെബെക്ക്വയ്ക്കും ഒരുപോലെ നിർണ്ണായകമാകും.
