വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ സർക്കാർ ഈ വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവിശ്യയുടെ സാമ്പത്തിക നില അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പുമായി ഗ്രേറ്റർ വൻകൂവർ ബോർഡ് ഓഫ് ട്രേഡ് (GVBOT) രംഗത്തെത്തി. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഗ്രേഡായ ‘ഡി’ (D) ആണ് ബിസിനസ് അസോസിയേഷൻ ഈ ബജറ്റിന് നൽകിയിരിക്കുന്നത്. പ്രൊവിൻഷ്യൽ സെയിൽസ് ടാക്സ് (PST) നൽകേണ്ട ബിസിനസുകളുടെ എണ്ണം വർധിപ്പിച്ചതും അധിക നികുതി ഭാരവുമാണ് സംഘടനയെ പ്രധാനമായും ആശങ്കയിലാഴ്ത്തുന്നത്.

പുതിയ ബജറ്റ് നിർദ്ദേശപ്രകാരം, 2026 ഒക്ടോബർ 1 മുതൽ അക്കൗണ്ടിങ്, ബുക്ക് കീപ്പിങ്, ആർക്കിടെക്ചറൽ, എഞ്ചിനീയറിങ്, ജിയോസയന്റിസ്റ്റ്, കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഫീസുകൾ തുടങ്ങിയ പ്രൊഫഷണൽ സേവനങ്ങൾക്ക് നികുതി ഇളവ് ഉണ്ടായിരിക്കില്ല. ഇതോടെ ഈ സേവനങ്ങൾക്ക് ഇനിമുതൽ പി.എസ്.ടി നൽകേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിയ ചെറിയ നിക്ഷേപങ്ങളെല്ലാം ഈ വലിയ നികുതി വർധനവിലൂടെ ഇല്ലാതാകുമെന്ന് GVBOT സി.ഇ.ഒ ബ്രിഡ്ജിറ്റ് ആൻഡേഴ്സൺ പറഞ്ഞു.
ബ്രിട്ടിഷ് കൊളംബിയ ഇപ്പോൾ വലിയൊരു സാമ്പത്തിക ഗർത്തത്തിലാണെന്ന് ആൻഡേഴ്സൺ ചൂണ്ടിക്കാട്ടി. കടം വീട്ടാനുള്ള ചിലവ് മാത്രം 900 കോടി ഡോളറിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യം പ്രവിശ്യയുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുമെന്നും സുസ്ഥിരമായ ഒരു സാമ്പത്തിക പ്ലാൻ അവതരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ പ്രവിശ്യയുടെ കമ്മി റെക്കോർഡ് നിലവാരമായ 1,330 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോശമായ സാമ്പത്തിക സാഹചര്യവും അതിൽ നിന്ന് കരകയറാനുള്ള കൃത്യമായ വഴികളുടെ അഭാവവുമാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ആൻഡേഴ്സൺ വ്യക്തമാക്കി.
