ഓട്ടവ: കൺസർവേറ്റീവ് എം.പി മാറ്റ് ജെനറോ ലിബറൽ പാർട്ടിയിൽ ചേർന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കൂടുതൽ കരുത്തുള്ളതും സ്വതന്ത്രവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് സഹകരണവും ചിലപ്പോഴൊക്കെ വിട്ടുവീഴ്ചകളും ആവശ്യമാണെന്ന് കാർണി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പാർലമെന്റിൽ എഡ്മിന്റൻ റിവർബെൻഡ് റൈഡിങ്ങിനെ പ്രതിനിധീകരിക്കുന്ന ജെനറോ തന്റെ സേവനം തുടരുമെന്നതിൽ നന്ദിയറിയിക്കുന്നതായി കാർണി പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൺസർവേറ്റീവ് പാർട്ടി വിട്ട് ലിബറൽ പാർട്ടിയോടൊപ്പം ചേരുന്ന മൂന്നാമത്തെ എം.പിയാണ് മാറ്റ് ജെനറോ. നവംബറിൽ ക്രിസ് ഡിഎൻട്രിമന്റ് ഡിസംബറിൽ മൈക്കൽ മായും സമാനമായ രീതിയിൽ പാർട്ടി മാറിയിരുന്നു. തുടർച്ചയായ ഈ കൂറുമാറ്റങ്ങൾ കനേഡിയൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
