മൺട്രിയോൾ : 2025-ൽ തുടക്കത്തിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് മൺട്രിയോൾ ടൂറിസം മേഖല മികച്ച വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.3 ശതമാനം വർധനയോടെ 1.18 കോടി സന്ദർശകരാണ് നഗരത്തിലെത്തിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ 10 ശതമാനം വളർച്ചയാണ് ഈ മുന്നേറ്റത്തിന് കരുത്തായതെന്ന് ടൂറിസം മൺട്രിയോളിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അറ്റ്ലാന്റിക് കാനഡയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനം വർധനയുണ്ടായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കണക്കെടുത്താൽ ഫ്രാൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ (4.7 ലക്ഷം) എത്തിയത്. ഏകദേശം 580 കോടി ഡോളറിന്റെ വരുമാനമാണ് ടൂറിസം മേഖലയിലൂടെ സിറ്റിക്ക് ലഭിച്ചത്.

അതേസമയം, കാനഡയിൽ നിന്നുള്ള സഞ്ചാരികൾ അമേരിക്കയിലേക്കുള്ള യാത്രകൾ വൻതോതിൽ കുറച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-നെ അപേക്ഷിച്ച് വെർമോണ്ട് പോലുള്ള അതിർത്തി സംസ്ഥാനങ്ങളിലേക്കുള്ള കനേഡിയൻ യാത്രകളിൽ 30 ശതമാനത്തോളം കുറവുണ്ടായി. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളും താരിഫ് ഭീഷണികളും കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയുമാണ് ഈ പിൻമാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കയിലെ കനേഡിയൻ സഞ്ചാരികളുടെ ചെലവിടൽ 44 ശതമാനത്തോളം കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
