ടെഹ്റാൻ: ലോകം ചുറ്റിയുള്ള മോട്ടോർ സൈക്കിൾ യാത്രയ്ക്കിടെ ഇറാനിൽ വെച്ച് അറസ്റ്റിലായ ബ്രിട്ടീഷ് ദമ്പതികൾക്ക് 10 വർഷം തടവുശിക്ഷ. ചാരവൃത്തി ആരോപിച്ച് ഇറാൻ ഭരണകൂടം തടവിലാക്കിയ ലിൻഡ്സെ ഫോർമാൻ, ക്രേഗ് ഫോർമാൻ ദമ്പതികൾക്കാണ് ശിക്ഷ. 2025 ജനുവരിയിൽ ലോകസഞ്ചാരത്തിനിടെ തങ്ങളുടെ രാജ്യത്ത് കൂടെ കടന്നു കടന്നുപോകുമ്പോഴാണ് ഇവരെ ഇറാൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. ദമ്പതികൾ വിനോദസഞ്ചാരികളായി ചമഞ്ഞ് രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി എന്നാണ് ഇറാന്റെ ആരോപണം. എന്നാൽ തങ്ങൾ നിരപരാധികളാണെന്ന വാദമാണ് ദമ്പതികൾ ഉയർത്തുന്നത്. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ പ്രത്യേക സ്ഥലത്താണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ തടവുകാരെ മാത്രം പാർപ്പിക്കുന്ന ഈ ജയിലിലെ സാഹചര്യം അതീവ മോശമാണെന്ന് കുടുംബത്തിൻ്റെ ആരോപണം. കഴിഞ്ഞ ഒക്ടോബറിൽ നടന്ന മൂന്ന് മണിക്കൂർ മാത്രം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. അതേ സമയം തങ്ങളുടെ വാദങ്ങൾ അതരിപ്പിക്കാൻ കോടതി അനുവാദം നൽകിയില്ലെന്ന് ദമ്പതികൾ പരാതിപ്പെട്ടു.

ഈ ശിക്ഷാവിധി നീതീകരിക്കാവുന്നതല്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ പറഞ്ഞു. ലിൻഡ്സെയെയും ക്രേഗിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഇറാൻ സർക്കാരിനുമേൽ സമ്മർദ്ദം തുടരുമെന്നും അവർ വ്യക്തമാക്കി. അതേ സമയം ദമ്പതികളെ ഇറാൻ ഭരണകൂടം രാഷ്ട്രീയ വിലപേശലിനായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ലിൻഡ്സെയുടെ മകൻ ജോ ബെന്നറ്റ് രംഗത്തെത്തി. ദമ്പതികൾക്ക് ചാരവൃത്തിയിൽ പങ്കുണ്ടെന്നതിന് ഒരു തെളിവും ഹാജരാക്കാൻ ഇറാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അമ്മയുടെയും രണ്ടാനച്ഛന്റെയും ദുരവസ്ഥ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും അവരെ സഹായിക്കാൻ വിദേശ, കോമൺവെൽത്ത് ഓഫീസിൽ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും ബെന്നറ്റ് പറഞ്ഞു. സർക്കാർ തന്റെ കുടുംബത്തെ ഉപേക്ഷിച്ചതായാണ് കരുതുന്നതെന്നും പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
