ലണ്ടൻ: പൊതുപദവിയിലിരിക്കെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാം വസതിയിൽ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിക്കവെ, അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ രേഖകൾ പരേതനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് കൈമാറി എന്ന ആരോപണത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ആറോളം പൊലീസ് വാഹനങ്ങളും സിവിൽ വേഷത്തിലെത്തിയ എട്ടോളം ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ വുഡ് ഫാമിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ബെർക്ഷെയറിലെയും നോർഫോക്കിലെയും വിവിധ വിലാസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

അമേരിക്കൻ സർക്കാർ അടുത്തിടെ പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് തെയിംസ് വാലി പോലീസ് ഇദ്ദേഹത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്. രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ ഇത്തരത്തിൽ ഒരു കേസിൽ അറസ്റ്റിലാകുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്. അതേ സമയം ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ ഖേദമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നെങ്കിലും, പുതിയ നടപടികളിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട സമീപകാലത്തെ ഏറ്റവും ഗൗരവകരമായ നിയമനടപടിയായിട്ടാണ് ഈ അറസ്റ്റിനെ കാണുന്നത്.
